ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: ശക്തമായി തിരിച്ചെത്തുമെന്ന് ഡൊണാൾഡ് ട്രംപ്; സ്റ്റീഫൻ മില്ലർ പുതിയ ചീഫ് ഓഫ് സ്റ്റാഫ്


9, November, 2026
Updated on 9, November, 2026 10



​വാഷിങ്‌ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന സംസ്ഥാനങ്ങളിൽപോലും ചരിത്രപരമായ പരാജയമാണ് നേരിട്ടത്. തിരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്കാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.തിരഞ്ഞെടുപ്പ് ഫലത്തോടെ അമേരിക്ക വലിയൊരു ചുവട് പിന്നോട്ട് പോയെന്ന് ഞായറാഴ്ച 'ട്രൂത്ത് സോഷ്യലി'ൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കി. തന്റെ ഭരണകാലത്ത് വലിയ വളർച്ച രേഖപ്പെടുത്തിയ ഓഹരിവിപണിയും തിരഞ്ഞെടുപ്പിന് പിന്നാലെ തകർച്ച നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്നും മുൻപെങ്ങുമില്ലാത്തവിധം കൂടുതൽ ശക്തിയോടെയും വലിയ മാറ്റങ്ങളോടെയും പാർട്ടി തിരിച്ചെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ആഘാതത്തിൽനിന്ന് റിപ്പബ്ലിക്കൻ നേതാക്കൾ കരകയറാൻ ശ്രമിക്കുമ്പോഴും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. ഇതിന്റെ ഭാഗമായി കടുത്ത നിലപാടുകൾക്ക് പേ കേട്ട ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി വെള്ളിയാഴ്ച നിയമിച്ചു. ഭരണകൂടത്തിന്റെ നയങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിനും രാഷ്ട്രീയ തിരിച്ചടിയെ പ്രതിരോധിക്കുന്നതിനുമുള്ള നീക്കമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ തീവ്ര കുടിയേറ്റ നയങ്ങളുടെ പ്രധാന ശില്പികളിലൊരാളാണ് മില്ലർ.




​അതേസമയം, മില്ലറുടെ നിയമനത്തിനെതിരേ ഡെമോക്രാറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ നടപടികളിൽ കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും മില്ലറുടെ നയങ്ങൾക്കെതിരേ ശക്തമായി പോരാടുമെന്നും ഡെമോക്രാറ്റുകൾ വ്യക്തമാക്കി. കുടിയേറ്റ നയങ്ങളിലുൾപ്പെടെ ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്താനാണ് ഡെമോക്രാറ്റുകളുടെ നീക്കം.ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയം ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ വിജയം ഉറപ്പിച്ചതോടെ ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് മേൽ കർശന പരിശോധനകളുണ്ടാകും. എന്നാൽ, തിരിച്ചടികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്റെ പ്രസ്താവനയും പുതിയ നിയമനങ്ങളും നൽകുന്നത്. വരുംദിവസങ്ങളിൽ യു.എസ്. രാഷ്ട്രീയത്തിൽ പോരാട്ടം കൂടുതൽ കടുക്കുമെന്നാണ് സൂചന.


​




​


​




Feedback and suggestions