ഫ്രാൻസിൽ നിന്ന് പടർന്നുപിടിച്ച് യൂറോപ്പ് വരെ; തെരുവുകൾ കീഴടക്കി ലക്ഷക്കണക്കിന് വിദ്യാർഥികളും തൊഴിലാളികളും, കനത്ത ജാഗ്രത


9, November, 2026
Updated on 9, November, 2026 8


പാരിസ്: ഫ്രാൻസിൽ സെപ്റ്റംബറിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം യൂറോപ്പിലുടനീളം പടർന്നുപന്തലിക്കുന്നു. വിലക്കയറ്റം, ജീവിതച്ചെലവുകളിലെ വർധനവ്, കുറഞ്ഞ ശമ്പളം, പൊതുസേവന മേഖലയിലെ തകർച്ച എന്നിവയ്‌ക്കെതിരെ യൂറോപ്പിലെ 31 രാജ്യങ്ങളിലായി ഇതുവരെ രണ്ടായിരത്തോളം പ്രതിഷേധ റാലികളാണ് അരങ്ങേറിയത്. ഒന്നര മാസത്തിനുള്ളിൽ നൂറുകണക്കിന് അക്രമസംഭവങ്ങളും വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ഫ്രാൻസിൽ ശനിയാഴ്ച (നവംബർ 7) നടന്ന റാലിയിൽ മാത്രം ഒന്നര ലക്ഷത്തോളം (1,46,000) ആളുകൾ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ പങ്കാളിത്തം രണ്ടര ലക്ഷത്തോളമാണെന്നാണ് തൊഴിൽ യൂണിയനുകളുടെ അവകാശവാദം. പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായ ഫ്രാൻസിൽ മാത്രം ഇതിനകം 1,200-ലേറെ പ്രതിഷേധങ്ങൾ നടന്നു കഴിഞ്ഞു. ഫ്രാൻസിന് പുറമെ സ്പെയിൻ, ഇറ്റലി, ജർമ്മനി, പോർച്ചുഗൽ തുടങ്ങിയ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലും തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും അധ്യാപക ക്ഷാമത്തിലും പ്രതിഷേധിച്ച് സ്കൂൾ വിദ്യാർഥികൾ നടപ്പാതകൾ ഉപരോധിച്ചുകൊണ്ടാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. എന്നാൽ പിന്നീട് തൊഴിലാളി യൂണിയനുകളും പ്രശസ്തമായ ‘യെല്ലോ വെസ്റ്റ്’ പ്രസ്ഥാനവും പ്രക്ഷോഭം ഏറ്റെടുത്തതോടെ ഇത് വൻ ജനകീയ പോരാട്ടമായി മാറുകയായിരുന്നു. സാധാരണ ഫ്രാൻസിൽ പ്രതിദിനം ശരാശരി 20 പ്രതിഷേധങ്ങൾ നടക്കുമ്പോൾ, നിലവിലത് പ്രതിദിനം 66 എന്ന നിരക്കിലേക്ക് ഉയർന്നതായി ആർമ്ഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ & ഈവന്റ് ഡാറ്റ വ്യക്തമാക്കി.


ഭവന നിർമാണ മേഖലയിലെ പ്രതിസന്ധിയും വാടക വർധനവുമാണ് സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങളെ തെരുവിലിറക്കിയത്. അതിനിടെ, ഫ്രാൻസിൽ പ്രക്ഷോഭകർക്ക് നേരെ പോലീസ് വ്യാപകമായി കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയടക്കം ആയിരക്കണക്കിന് ആളുകളെ ക്രൂരമായി അറസ്റ്റ് ചെയ്ത നടപടിയിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദ്ധർ കടുത്ത ആശങ്ക രേഖപ്പെടുത്തി.




Feedback and suggestions