10, November, 2026
Updated on 10, November, 2026 9
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പദവിയില്‍ രണ്ട് വര്‍ഷം തികയും മുന്‍പ് കടുത്ത പ്രതിസന്ധിയിലായി പീറ്റ് ഹെഗ്സെത്ത്. മുൻ ഫോക്സ് ന്യൂസ് അവതാരകനും നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥനുമായ 46 കാരനായ ഹെഗ്സെത്തിനെതിരെ തിങ്കളാഴ്ച റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചതോടെ യു.എസ്. രാഷ്ട്രീയക്കളം ചൂടുപിടിച്ചിരിക്കുകയാണ്. ട്രംപിന്റെ രാഷ്ട്രീയ എതിരാളി കൂടിയായ മാസി, ഹെഗ്സെത്തെ അടിയന്തരമായി പദവിയില്‍ നിന്ന് നീക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പെന്റഗണിന്റെ പ്രവര്‍ത്തനരീതിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ച ഹെഗ്സെത്ത്, തുടക്കം മുതല്‍ തന്നെ ഒട്ടനവധി വിവാദങ്ങളിലാണ് അകപ്പെട്ടത്. സൈന്യത്തിലെ വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന അദ്ദേഹം, ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സേനയില്‍ നിന്ന് ഒഴിവാക്കാനും പുതിയ നിയമനങ്ങള്‍ തടയാനും നടപടികള്‍ സ്വീകരിച്ചിരുന്നു. സൈനികരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ അമിതവണ്ണമുള്ളവരെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയും താടിവളര്ത്തുന്നവരെയും സൈന്യത്തില്‍ ആവശ്യമില്ലെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ടാണ് ഹെഗ്സെത്ത് പ്രധാനമായും വിമര്‍ശനം നേരിടുന്നത്. സൈനിക ഇടപെടലുകളില്‍ കോണ്‍ഗ്രസിന്റെ മേല്‍നോട്ടവും കൂടിയാലോചനയും ഉറപ്പാക്കുന്ന 'വാര് പവേഴ്സ് റെസല്യൂഷന്‍' ഹെഗ്സെത്ത് ലംഘിച്ചുവെന്നാണ് ഇംപീച്ച്മെന്റ് പ്രമേയത്തിലെ പ്രധാന ആരോപണം. ഇറാനുമായുള്ള ദീര്‍ഘകാല യുദ്ധത്തെ 'ധീരവും ചരിത്രപരവുമായ സൈനിക നീക്കം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതടക്കമുള്ള സൈനിക നീക്കങ്ങളും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിയമനത്തിന് മുന്‍പും ശേഷവും ഹെഗ്സെത്തിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ട്. വെറ്ററന്‍സ് സംഘടനകളിലെ സാമ്പത്തിക ക്രമക്കേടുകള്‍, അമിത മദ്യപാനം, കാലിഫോര്‍ണിയയില്‍ സ്ത്രീയെ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണം എന്നിവ അദ്ദേഹത്തിന്റെ നിയമന വേളയില്‍ത്തന്നെ വലിയ ചര്‍ച്ചയായിരുന്നു. യെമനിലെ സൈനികാക്രമണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചര്‍ച്ച ചെയ്ത വാട്സ്ആപ്പ്/സിഗ്നല്‍ ഗ്രൂപ്പില്‍ 'ദി അറ്റ്ലാന്റിക്' മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫിനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയതും സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടു. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും മയക്കുമരുന്ന് കടത്ത് ആരോപിക്കപ്പെട്ട ബോട്ടുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍, രക്ഷപ്പെട്ടവരെ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്. ഇത്തരം നടപടികളെ തോമസ് മാസി 'നിയമവിരുദ്ധ കൊലപാതകങ്ങള്‍' എന്നാണ് വിശേഷിപ്പിച്ചത്.
കൂടാതെ, മുന്‍ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ ചാള്‍സ് 'സി.ക്യു' ബ്രൗണ്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ വ്യക്തമായ വിശദീകരണമില്ലാതെ പുറത്താക്കിയത് സേനയെ രാഷ്ട്രീയവല്ക്കരിക്കുന്നതിനുള്ള നീക്കമാണെന്ന ആക്ഷേപത്തിനും വഴിവെച്ചിട്ടുണ്ട്.
എന്നാല്‍, തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പ്രതിസന്ധികളെ നേരിടാന്‍ തയ്യാറാണെന്നുമാണ് ഹെഗ്സെത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. അമേരിക്കയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും യുദ്ധങ്ങള്‍ തടയുന്നതിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ഏതായാലും കടുത്ത വെല്ലുവിളികളെത്തുടര്‍ന്ന് തന്റെ പദവി നിലനിര്‍ത്താന്‍ പാടുപെടുന്ന ഹെഗ്സെത്തിന്റെ രാഷ്ട്രീയ ഭാവി വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.