10, November, 2026
Updated on 10, November, 2026 9
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ ദാരുണമായ സ്വകാര്യ ജെറ്റ് വിമാനാപകടത്തിന്റെ ദുരൂഹത നീക്കുന്നതില്‍ നിര്‍ണായകമായേക്കാവുന്ന കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ (സി.വി.ആര്‍.) കണ്ടെടുത്തു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍.ടി.എസ്.ബി.) ആണ് റെക്കോര്‍ഡര്‍ കണ്ടെത്തിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. നവംബര്‍ ഒന്നിന് ബഹാമാസിലേക്ക് പുറപ്പെട്ട ലിയര്‍ജെറ്റ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണ് കത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒന്‍പത് പേരും അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
അപകടസമയത്ത് പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ അവസാന നിമിഷത്തെ സംഭാഷണങ്ങളും, വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട ഭീകരമായ സാഹചര്യങ്ങളും റെക്കോര്‍ഡറിലെ വിവരങ്ങളിലൂടെ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും വിമാനത്തിന്റെ ചിറകുകളില്‍ മഞ്ഞ് രൂപപ്പെട്ടതും അപകടകാരണമായോയെന്ന കോണിലാണ് പ്രധാന അന്വേഷണം പുരോഗമിക്കുന്നത്.
റെക്കോര്‍ഡറിന്റെ പുറംഭാഗം കേടുപാടുകളില്ലാത്ത നിലയിലാണെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധന്‍ ജെഫ് ഗുസെറ്റി വ്യക്തമാക്കിയത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഉപകരണത്തിലെ ഡാറ്റ സുരക്ഷിതമായി വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. എങ്കിലും ഉപകരണം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിരുന്നോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. തുടര്‍പരിശോധനകള്‍ക്കായി വാഷിംഗ്ടണിലെ അത്യാധുനിക ലബോറട്ടറിയിലേക്ക് റെക്കോര്‍ഡര്‍ അയച്ചിരിക്കുകയാണ്.
യാത്രാവേളയില്‍ വിമാനം കടുത്ത പ്രതിസന്ധികളെയാണ് നേരിട്ടിരുന്നതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രേഖകള്‍ വ്യക്തമാക്കുന്നു. വിമാനം 700 അടിയിലധികം ഉയരത്തില്‍ മുകളിലേക്കും താഴേക്കും ആടിയുലയുകയാണെന്നും, സുരക്ഷിതമായ മറ്റൊരു പാതയിലേക്ക് വഴിമാറ്റിവിടണമെന്നും സഹപൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് അവസാന നിമിഷങ്ങളില്‍ യാചിച്ചിരുന്നു.
അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായി വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകളും സാങ്കേതിക തകരാറുകളുടെ ചരിത്രവും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. വിമാനം സര്‍വീസ് നടത്തിയിരുന്ന അപ്പര്‍ ജെറ്റ്‌സ് കമ്പനിയിലെ ഉദ്യോഗസ്ഥര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍, വിമാനം പുറപ്പെട്ട ടെക്‌സസിലെ ഓസ്റ്റിന്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.