ചാല സ്വർണക്കവർച്ച: പിന്നിൽ നടന്നത് ദിവസങ്ങൾ നീണ്ട വൻ ആസൂത്രണം


14, November, 2026
Updated on 14, November, 2026 1



തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചയ്ക്കു പിന്നിൽ നടന്നത് ദിവസങ്ങൾ നീണ്ട വൻ ആസൂത്രണമെന്ന് പൊലീസ്. മോഷ്ടാക്കൾ പല തവണ സ്ഥലം സന്ദർശിച്ച് കൃത്യമായ സമയവും, സ്ഥലവും നിശ്ചയിച്ചിരുന്നതായി കണ്ടെത്തൽ. സ്വർണം പൊട്ടിക്കൽ സംഘങ്ങളെ കേന്ദ്രീകരിച്ചും, ജ്വല്ലറിയിലേക്ക് സ്വർണ്ണം എത്തിക്കുന്ന ഏജന്റുകളെ കേന്ദ്രീകരിച്ചും അന്വേഷണം.


സ്വർണവ്യാപാരി നന്ദകുമാറിന്റെ കയ്യിൽനിന്ന് സ്വർണം കവർന്ന സംഘം അന്നേ ദിവസം വൈകിട്ട് ഏഴരമുതൽ കടയുടെ സമീപം തന്നെ ഉണ്ടായിരുന്നു. കവർച്ചക്കായി സംഘം നഗരത്തിലെത്തിയത് വൈകിട്ട് ഏഴരയ്ക്ക്. പ്രതികൾ ബൈക്കിൽ ഏഴരയ്ക്ക് കിള്ളിപ്പാലം ജംഗ്ഷനിൽ കറങ്ങി നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ ലഭിച്ചിട്ടുണ്ട്.


രാത്രി 9 മണിയോടെ ജ്വല്ലറിക്ക് അടുത്തുള്ള റോഡിൽ പ്രവേശിച്ചു. ഒരു മണിക്കൂറിലധികം സംഘം പരിസരം നിരീക്ഷിക്കുന്നതും കാണാം. ജ്വല്ലറി ഉടമ നന്ദകുമാർ സ്വർണ്ണവുമായി പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികൾ പിന്തുടർന്ന് കവർച്ച നടത്തി. സ്വർണ്ണവുമായി നന്ദകുമാർ വീട്ടിലേക്ക് പുറപ്പെട്ട ഉടനെ വിവരം പ്രതികൾക്ക് ലഭിച്ചതായാണ് കണ്ടെത്തൽ. പ്രതികൾ നന്ദകുമാറിനെ പിന്തുടർന്ന് എത്തിയത് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നെന്നാണ് പോലീസിന്റെ നിഗമനം. കവർച്ചയിൽ കൂടുതൽ ആളുകൾക്ക് പങ്കെന്ന് സംശയവുമുണ്ട്.




Feedback and suggestions