മധുര സ്വർണക്കവർച്ച: മുഖ്യപ്രതി നിഷാന്തിനായി കേരളത്തിലും അന്വേഷണം! അറസ്റ്റിലായ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ വൻ വർധന


16, November, 2026
Updated on 16, November, 2026 19


മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നടന്ന വൻ സ്വർണക്കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനെ തേടി അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ച് പോലീസ്. മോഷണത്തിന് പിന്നാലെ ട്രെയിൻ മാർഗം കടന്ന ഇയാൾ മൂന്നാറിലും പരിസരങ്ങളിലും വിനോദയാത്ര നടത്തിയതിന്റെ വീഡിയോകൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കണ്ടെത്തിയതോടെയാണ് കേരളത്തിലും പരിശോധന ശക്തമാക്കിയത്. നിഷാന്തിന്റെ സുഹൃത്തും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മീനാക്ഷി നാച്ചിയാറിനെയും പിതാവ് സുരേഷിനെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


ആഡംബര ജീവിതത്തോടുള്ള മോഹമാണ് നിഷാന്തിനെ മോഷണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കവർച്ച ആസൂത്രണം ചെയ്തത് മീനാക്ഷിയാണെന്നും അന്വേഷണസംഘം സംശയിക്കുന്നു. യൂട്യൂബ് വരുമാനം ഉപയോഗിച്ച് വീട് നിർമിക്കുകയാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. പണം തികയാത്തതിനെ തുടർന്നാണോ കവർച്ചയിലേക്ക് നീങ്ങിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, അറസ്റ്റിന് പിന്നാലെ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ ഉയർന്നതും ശ്രദ്ധ നേടുകയാണ്.കഴിഞ്ഞ 12-ന് പുലർച്ചെയാണ് മധുര ബൈപാസിലെ തനിഷ്ക് ജ്വല്ലറിയിൽ കവർച്ച നടന്നത്. പ്രവർത്തനം തുടങ്ങാത്ത ലിഫ്റ്റിലൂടെ ഭിത്തി തകർത്ത് അകത്തുകയറിയാണ് നിഷാന്ത് സ്വർണവും വജ്രാഭരണങ്ങളും കവർന്നതെന്നാണ് പോലീസിന്റെ നിഗമനം. മോഷണത്തിന് മുമ്പ് രണ്ടുതവണ ഇയാൾ ജ്വല്ലറിയിലെത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി. മങ്ങിയ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതും തൊപ്പി ഉൾപ്പെടെയുള്ള സൂചനകളും അന്വേഷണത്തിൽ നിർണായകമായി. നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ രക്ഷപ്പെട്ട നിഷാന്തിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.




Feedback and suggestions