16, November, 2026
Updated on 16, November, 2026 21
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഇയാളെ കീഴ്പ്പെടുത്താനുള്ള നീക്കങ്ങൾ ഊർജിതമായി തുടരുകയാണെന്നും പോലീസ് തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ ആഴ്ച കുൽഗാമിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേൽക്കാനിടയായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് സൈന്യത്തിന്റെ വലയിലായിരിക്കുന്നത്.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പും (എസ്.ഒ.ജി) സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ പോലീസ് എക്സിലൂടെ (ട്വിറ്റർ) സ്ഥിരീകരിച്ചു.