17, November, 2026
Updated on 17, November, 2026 11
വാഷിംഗ്ടണ്‍: സാങ്കേതിക തകരാറിനെത്തുര്‍ന്ന് രാജ്യവ്യാപകമായി സര്‍വീസ് പ്രതിസന്ധിയിലായ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാന സര്‍വീസ് സാധാരണ നിലയിലേക്ക്. എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ച സാങ്കേതിക തകരാര്‍ പരിഹരിച്ചതായി കമ്പനി അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് നിരവധി വിമാനങ്ങളുടെ പുറപ്പെടല്‍ വൈകിയിരുന്നു.
വിമാനങ്ങളുടെ പുറപ്പെടല്‍ വൈകാന്‍ ഇടയാക്കിയ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി തിങ്കളാഴ്ചയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചത്. പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരെ പ്രശ്‌നം അറിയിച്ച് ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാനായി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു.
വിമാനത്തിന്റെ അന്തിമ ഭാരം കണക്കാക്കി സുരക്ഷിതമായി പറന്നുയരാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനത്തിലാണ് തകരാറുണ്ടായതെന്ന് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഹൂസ്റ്റണില്‍ നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റ്, സംവിധാനം വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതുവരെ വിമാനത്തെ ഗേറ്റില്‍ തന്നെ നിര്‍ത്താന്‍ അനുമതി തേടുന്ന ശബ്ദരേഖയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആപ്പില്‍ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ കമ്പനിയുടെ 418 വിമാനങ്ങള്‍ വൈകിയതായി ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ് അവെയര്‍ രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്കയിലെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത സാങ്കേതിക തകരാറുകളുടെ തുടര്‍ച്ചയായാണ് യുണൈറ്റഡ് എയര്‍ലൈന്‍സിലുണ്ടായ സംഭവവും വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ച തന്നെ ജെ.പി. മോര്‍ഗന്‍ ചേസിന്റെ സാങ്കേതിക സംവിധാനത്തിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് നിരവധി ഉപഭോക്താക്കള്‍ക്ക് പ്രമുഖ അമേരിക്കന്‍ ബാങ്കുകളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതും ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചു.
ഇതിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച പുതിയ റൂട്ടറിലുണ്ടായ തകരാറിനെത്തുടര്‍ന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) രാജ്യത്തെ മുഴുവന്‍ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു. പഴക്കമുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന് അമിതഭാരം സൃഷ്ടിച്ചതാണ് അന്ന് പ്രതിസന്ധിക്ക് കാരണമായത്. ഇതിന് ഒരു ദിവസം മുമ്പ് മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് ഇമെയില്‍ സേവനത്തിലും വലിയ തടസ്സമുണ്ടായിരുന്നു. ശനിയാഴ്ചയോടെ സേവനങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.