വൻകിട ധനകാര്യ സ്ഥാപനങ്ങളുടെ സേവനദാതാക്കൾക്ക് നേരെ സൈബർ ആക്രമണം; വ്യക്തിഗത വിവരങ്ങൾ ചോർന്നു


20, November, 2026
Updated on 20, November, 2026 14



​വാഷിംഗ്ടൺ: അമേരിക്കൻ ബാങ്കിങ് ഭീമനായ ജെ.പി. മോർഗൻ ചേസ് (JPMorgan Chase), ആഗോള പേയ്മെന്റ് കമ്പനികളായ വിസ (Visa), മാസ്റ്റർകാർഡ് (Mastercard) എന്നിവയുടെ സേവനദാതാക്കൾക്ക് നേരെ സൈബർ ആക്രമണം. ആക്രമണത്തിൽ ചില ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കിയതായി മൂന്ന് കമ്പനികളും വ്യാഴാഴ്ച സ്ഥിരീകരിച്ചു. എങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകളോ സാമ്പത്തിക ഇടപാട് വിവരങ്ങളോ ചോർന്നിട്ടില്ലെന്ന് സ്ഥാപനങ്ങൾ വ്യക്തമാക്കി. പ്രമുഖ കമ്പനികൾക്ക് സേവനം നൽകുന്ന മൂന്നാംകക്ഷി കരാർ സ്ഥാപനങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

​തങ്ങളുടെ സേവനദാതാക്കളിൽ ചിലർ സൈബർ ആക്രമണത്തിന് ഇരയായതായി ജെ.പി. മോർഗൻ ചേസ് സാമൂഹിക മാധ്യമമായ 'എക്സി'ലൂടെ അറിയിച്ചു. ഈ കമ്പനികളുടെ പക്കലുണ്ടായിരുന്ന ചില മാർക്കറ്റിങ് വിവരങ്ങളിലേക്ക് ഹാക്കർമാർ കടന്നുകയറിയിട്ടുണ്ടാകാമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ബാങ്ക് അറിയിച്ചു. ചില ഉപഭോക്താക്കളുടെ പേരുകളും ഇമെയിൽ വിലാസങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം. അതേസമയം, ബാങ്കിന്റെ പ്രവർത്തനങ്ങളെയോ സേവനങ്ങളെയോ ആക്രമണം ബാധിച്ചിട്ടില്ലെന്നും ഈ ആഴ്ച ആദ്യം ഉപഭോക്താക്കൾ നേരിട്ട ഐടി തകരാറുകളുമായി സംഭവത്തിന് ബന്ധമില്ലെന്നും ബാങ്ക് വ്യക്തമാക്കി.


​‘n0n’ എന്ന പേരിലുള്ള ഹാക്കിങ് സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അവകാശവാദം സാധൂകരിക്കുന്നതിനായി ചില രേഖകളും സംഘം പുറത്തുവിട്ടിട്ടുണ്ട്. സൈബർ സുരക്ഷാ സ്ഥാപനമായ എസ്.ഒ.സി.റഡാർ (SOCRadar) എഎഫ്പിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയിൽനിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഘം രംഗത്തെത്തിയതെന്നും ലോകമെമ്പാടുമായി ഏകദേശം 200 കമ്പനികളെ ഹാക്ക് ചെയ്തതായി ഇവർ അവകാശപ്പെടുന്നുണ്ടെന്നും എസ്.ഒ.സി.റഡാർ അറിയിച്ചു. എന്നാൽ ഹാക്കർമാരുടെ അവകാശവാദങ്ങളുടെയും പുറത്തുവിട്ട രേഖകളുടെയും ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്ഥാപനം വ്യക്തമാക്കി.

​വിവരങ്ങൾ ചോർന്ന ഉപഭോക്താക്കളെ സഹായിക്കുന്നതിനായി സേവനദാതാവുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് മാസ്റ്റർകാർഡ് വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജെ.പി. മോർഗൻ ചേസ്, യുണൈറ്റഡ് എയർലൈൻസ്, അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയായ എൻ.എസ്.എ. (NSA) എന്നിവയിലും കമ്പ്യൂട്ടർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ആഗോളതലത്തിൽ വൻകിട സ്ഥാപനങ്ങളുടെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്. മൂന്നാംകക്ഷി സേവനദാതാക്കൾ വഴിയുള്ള സൈബർ ആക്രമണങ്ങൾ വൻകിട സ്ഥാപനങ്ങളുടെ ഉപഭോക്തൃവിവരങ്ങൾക്കും സുരക്ഷാ സംവിധാനങ്ങൾക്കും വലിയ ഭീഷണിയാണെന്നും ഈ സംഭവം അടിവരയിടുന്നു.




Feedback and suggestions