20, November, 2026
Updated on 20, November, 2026 11
അമേരിക്കയുടെ സൈബർ സുരക്ഷാ കോട്ടയ്ക്കുള്ളിൽ വീണ്ടും വിള്ളലുകൾ വീഴുകയാണോ? നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾ തുടർച്ചയായ സൈബർ തകരാറുകളെ നേരിടുമ്പോഴും, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള പുതിയ തലമുറ സൈബർ ഭീഷണികൾ ശക്തിപ്രാപിക്കുമ്പോഴും, വൈറ്റ് ഹൗസിലെ ഏറ്റവും പ്രധാനപ്പെട്ട സൈബർ പദവിയിൽ അപ്രതീക്ഷിത മാറ്റം സംഭവിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസിന്റെ’ റിപ്പോർട്ടുകളെയും വാഷിംഗ്ടണിൽ നിന്നുള്ള വാർത്തകളെയും ആസ്പദമാക്കിയാണ് റിപ്പോർട്ടുകൾ പുരത്ത് വന്നിരിക്കുന്നത്.
വൈറ്റ് ഹൗസ് നാഷണൽ സൈബർ ഡയറക്ടർ ഷോൺ കെയ്ൻക്രോസ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായുള്ള വാർത്ത അമേരിക്കയിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. വിഷയവുമായി അടുത്ത ബന്ധമുള്ള രണ്ട് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, ഇനിയുള്ള രണ്ട് വർഷം കൂടി ഈ പദവിയിൽ തുടരാൻ കെയ്ൻക്രോസ് ആഗ്രഹിക്കുന്നില്ല. അമേരിക്കൻ രാഷ്ട്രീയത്തിലെ അധികാര സന്തുലിതാവസ്ഥ മാറുന്നതിന് മുമ്പ് തന്നെ തന്റെ പിൻഗാമിയെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഭരണകൂടത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇപ്പോൾ പടിയിറങ്ങുന്നത്.
ഈ രാജിയുടെ സമയക്രമത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. നാഷണൽ സൈബർ ഡയറക്ടർ പദവിയിലേക്ക് ഒരാളെ നിയമിക്കണമെങ്കിൽ അമേരിക്കൻ സെനറ്റിന്റെ അംഗീകാരം അനിവാര്യമാണ്. വരുന്ന ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ, പുതിയ നിയമനങ്ങൾക്ക് അംഗീകാരം നേടിയെടുക്കുക എന്നത് നിലവിലെ ഭരണകൂടത്തിന് കടുത്ത പോരാട്ടമായി മാറും. അതിനാൽ, സെനറ്റിൽ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ രാജിവയ്ക്കുന്നതിലൂടെ, തടസ്സങ്ങളില്ലാതെ പുതിയൊരാളെ നിയമിക്കാനുള്ള സുവർണ്ണാവസരമാണ് കെയ്ൻക്രോസ് വൈറ്റ് ഹൗസിന് നൽകുന്നത്. ഈ വേർപിരിയൽ തികച്ചും സൗഹൃദപരമാണെന്നാണ് ആക്സിയോസിനോട് സംസാരിച്ച സ്രോതസ്സുകൾ വ്യക്തമാക്കുന്നത്.
കെയ്ൻക്രോസിന് പകരക്കാരിയായി നിലവിൽ പെന്റഗണിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന കിർസ്റ്റൺ എ. ഡേവിസിനെ പുതിയ വൈറ്റ് ഹൗസ് ദേശീയ സൈബർ ഡയറക്ടറായി ഭരണകൂടം തിരഞ്ഞെടുത്തതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ സൈബർ സുരക്ഷാ തന്ത്രങ്ങൾ രൂപീകരിക്കുകയും ഫെഡറൽ ഏജൻസികളിലുടനീളം കൃത്യമായ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന നാഷണൽ സൈബർ ഡയറക്ടറുടെ ഓഫീസിന്റെ തലവൻ എന്ന നിലയിൽ അതീവ നിർണ്ണായകമായ ഉത്തരവാദിത്തങ്ങളാണ് ഈ പദവിയിലുള്ളത്.
ദൈനംദിന സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്കപ്പുറം, ഭരണകൂടത്തിന്റെ ഏറ്റവും വലിയ സാങ്കേതിക തീരുമാനങ്ങളിലും കെയ്ൻക്രോസിന് നിർണ്ണായക പങ്കുണ്ടായിരുന്നു. വൈറ്റ് ഹൗസിന്റെ നിർമ്മിത ബുദ്ധി നയരൂപീകരണങ്ങളിൽ അദ്ദേഹം പ്രധാനിയായിരുന്നു. ഇതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ വേനൽക്കാലത്തുണ്ടായ സംഭവവികാസങ്ങൾ. വാണിജ്യ വകുപ്പിന്റെ കയറ്റുമതി നിയന്ത്രണങ്ങൾ പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ മോഡലുകളെ ഇന്റർനെറ്റിൽ നിന്ന് ഫലപ്രദമായി നീക്കം ചെയ്തപ്പോൾ, അതിന് പരിഹാരം കാണുന്നതിനായി കമ്പനി നേതൃത്വവുമായി നിർണ്ണായക സാങ്കേതിക ചർച്ചകൾ നടത്തിയത് കെയ്ൻക്രോസ് ആയിരുന്നു.
രാഷ്ട്രീയവും സുരക്ഷാപരവുമായ വിപുലമായ അനുഭവസമ്പത്തുമായാണ് കെയ്ൻക്രോസ് ഈ പദവിയിലേക്ക് എത്തിയത്. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ സൈബർ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിലും ഇന്റലിജൻസ് ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കമ്മിറ്റികളിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിനെ പ്രതിനിധീകരിച്ച അദ്ദേഹം, പിന്നീട് ഫെഡറൽ വിദേശ സഹായ ഏജൻസിയായ മില്ലേനിയം ചലഞ്ച് കോർപ്പറേഷന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ, കെയ്ൻക്രോസിന്റെ രാജി വൈറ്റ് ഹൗസിലെ സാങ്കേതിക-സൈബർ വിഭാഗത്തിൽ നിന്ന് മുതിർന്ന ഉദ്യോഗസ്ഥർ കൊഴിഞ്ഞുപോകുന്ന പ്രവണതയ്ക്ക് ആക്കം കൂട്ടുകയാണ്. അദ്ദേഹത്തിന്റെ നയതന്ത്ര മേധാവിയും മുതിർന്ന ഉപദേഷ്ടാവുമായിരുന്ന തോമസ് ലിൻഡ് കഴിഞ്ഞ ജൂണിൽ രാജിവച്ച് ഒക്ടോബറിൽ പ്രമുഖ എഐ കമ്പനിയായ ഓപ്പൺഎഐയിൽ ചേർന്നിരുന്നു. ഇത്തരം തുടർച്ചയായ പടിയിറക്കങ്ങൾ, അങ്ങേയറ്റം സെൻസിറ്റീവ് ആയ ഈ ഘട്ടത്തിൽ അമേരിക്കൻ ഭരണസംവിധാനത്തിന്റെ സാങ്കേതിക പരിജ്ഞാനത്തെയും പരിചയസമ്പത്തിനെയും ദുർബലപ്പെടുത്തുന്നു എന്ന ആശങ്ക ശക്തമാണ്.
അമേരിക്കയുടെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്ന സൈബർ തകരാറുകൾ വർദ്ധിച്ചുവരുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. പ്രതിരോധ സംവിധാനങ്ങൾക്കും സൈബർ ആക്രമണകാരികൾക്കും ഒരുപോലെ കരുത്തേകുന്ന എഐ ഉപകരണങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇറാൻ ഉൾപ്പെടെയുള്ള എതിരാളികളിൽ നിന്നുള്ള സൈബർ വെല്ലുവിളികളും, എഐ അധിഷ്ഠിത ആക്രമണങ്ങളും പ്രതിരോധിക്കുന്നതിൽ അമേരിക്കൻ സൈബർ പ്രതിരോധം പിന്നോട്ട് പോവുകയാണെന്ന് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുന്നു. രാജ്യം നേരിടുന്ന ഈ സൈബർ പ്രതിസന്ധികൾക്ക് കെയ്ൻക്രോസിന്റെ രാജി തീരുമാനത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും, അമേരിക്കൻ സൈബർ സുരക്ഷാ സംവിധാനം കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നത് വ്യക്തമാണ്.