22, November, 2026
Updated on 22, November, 2026 11
ഡൽഹി: ഗംഗാനദിക്ക് കുറുകെ നിർമ്മിച്ച ‘നിതീഷ് സേതു’ ആറുവരിപ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 5,500 കോടി രൂപ ചെലവിൽ നിർമ്മിച്ച 9.76 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരാണ് പുതിയ പാലത്തിന് നൽകിയിരിക്കുന്നത്. വൈശാലി ജില്ലയിലെ ബിദുപൂരിനെയും പട്നയിലെ കാച്ചി ദർഗയെയും ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർത്ഥ്യമായതോടെ മേഖലയിലെ ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകും.
ഉദ്ഘാടന പ്രസംഗത്തിൽ എൻ.ഡി.എ ഭരണകാലത്ത് ബിഹാർ കൈവരിച്ച വികസന നേട്ടങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുൻപ് വൈദ്യുതി ഇല്ലാതിരുന്ന നിരവധി ഗ്രാമങ്ങൾ ബിഹാറിലുണ്ടായിരുന്നു. എന്നാൽ ഇന്ന് അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായി ബിഹാർ മാറി. കൂടാതെ പതിനായിരക്കണക്കിന് വീടുകൾ നിർമ്മിച്ചു നൽകാനും സാധിച്ചു. ഒരുകാലത്ത് അഴിമതിയുടെ പേരിലാണ് ബിഹാർ അറിയപ്പെട്ടിരുന്നതെങ്കിൽ, ഇന്ന് വികസനത്തിന്റെ പേരിലാണ് സംസ്ഥാനം ശ്രദ്ധിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ ക്രിമിനലുകൾ സ്വതന്ത്രമായി വിഹരിച്ചിരുന്ന സാഹചര്യം മാറി. ഇന്ന് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന വികസന പദ്ധതികൾ സംസ്ഥാന സർക്കാർ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.