24, November, 2026
Updated on 24, November, 2026 3
കാർത്തിക ദീപം ഉത്സവത്തോടനുബന്ധിച്ച് മധുരയിലെ തിരുപ്പറങ്കുൺഡ്രം മലയിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വലിയ സംഘർഷത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചു. തിരുപ്പറങ്കുൺഡ്രം മലയിലെ ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയ പശ്ചാത്തലത്തിൽ, ക്രമസമാധാന നില നിലനിർത്താനായി മധുരയിലും പരിസരങ്ങളിലും ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയിലേക്ക് പോകാൻ ശ്രമിച്ച തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി എൽ മുരുകൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തച്ചനല്ലൂരിൽ വെച്ച് നൈനാർ നാഗേന്ദ്രനെയും കോയമ്പത്തൂർ അന്നൂരിൽ വെച്ച് എൽ മുരുകനെയും പൊലീസ് തടയുകയായിരുന്നു.
തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി ഏകദേശം 750-ഓളം ബിജെപി, ഹിന്ദു മുന്നണി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയതായി ബിജെപി ആരോപിച്ചു. രാജസിംഹ, വിനോജ് തുടങ്ങിയ നേതാക്കളെയും മലയിലേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും കോടതി ഉത്തരവുകളും സർക്കാർ അവഗണിക്കുകയാണെന്ന് നൈനാർ നാഗേന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം, പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച ഭരണകൂടം മധുരയിലും തിരുപ്പറങ്കുൺഡ്രത്തും 5,600-ലധികം പൊലീസുകാരെ വിന്യസിച്ചു. ഡ്രോണുകൾ പറത്തുന്നതിന് വിലക്കേർപ്പെടുത്തിയ പൊലീസ് മേഖലയെ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിക്കുകയും 70-ലധികം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.
ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിയിക്കുന്നതിനെച്ചൊല്ലി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കമാണ് വീണ്ടും കത്തിപ്പടർന്നത്. വിഷയത്തിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമ, പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. സഖ്യകക്ഷികളായ വിസികെയും ഇടതുപക്ഷ പാർട്ടികളും ദീപത്തൂണിൽ ദീപം തെളിയിക്കുന്നതിനെ എതിർക്കുന്നതിനിടെ, വിഷയം രാഷ്ട്രീയ പോരാട്ടമായി മാറുകയാണ്. സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നാണ് വിഷയത്തിൽ ബിജെപിയുടെ ആരോപണം.