ദേശീയ തൊഴിലുറപ്പില്‍ കേരളത്തിന് 10 ലക്ഷം തൊഴില്‍നഷ്ടപ്പെടും: പവന്‍ ഖേര


19, December, 2025
Updated on 19, December, 2025 9


മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബിജി റാം ജി പദ്ധതിമൂലം കേരളത്തിനു മാത്രം 10 ലക്ഷം തൊഴില്‍ നഷ്ടമാകുമെന്ന് എഐസിസി മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര. ഓരോ സംസ്ഥാനത്തും നഷ്ടപ്പെടുന്ന തൊഴിലുകളുടെ വിശദാംശങ്ങള്‍ എഐസിസി ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം ഇന്ദിരാഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച ഭാവി സമരപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ഡിസം 27ന് പ്രവര്‍ത്തക സമിതി ചേരും.



ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ മോഡി സര്‍ക്കാര്‍ കൊലപ്പെടുത്തി. മഹാത്മാഗാന്ധിയുടെ തത്ത്വചിന്തയെ തകര്‍ക്കാനും ഏറ്റവും ദരിദ്രരായ ഇന്ത്യക്കാരുടെ തൊഴില്‍ അവകാശങ്ങള്‍ തട്ടിയെടുക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ഗ്രാമസ്വരാജ്, തൊഴില്‍ മാന്യത, വികേന്ദ്രീകൃത വികസനം എന്നിവയെക്കുറിച്ചുള്ള ഗാന്ധിജിയുടെ ദര്‍ശനത്തിന്റെ ജീവനുള്ള രൂപമാണ് ഈ പദ്ധതി. എന്നാല്‍ ഈ സര്‍ക്കാര്‍ ഗാന്ധിജിയുടെ പേര് പേര് നീക്കം ചെയ്യുക മാത്രമല്ല, 12 കോടി തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷ്‌കരുണം ചവിട്ടിമെതിക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടുകളായി, കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ജീവനാഡിയാണ്. കോവിഡ് സമയത്ത് ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തിയതും ഈ പദ്ധതിയാണ്.


2014 മുതല്‍ പ്രധാനമന്ത്രി മോദി തൊഴിലുറപ്പ് പദ്ധതിയോട് കടുത്ത ശത്രുത പുലര്‍ത്തുന്നു. ബജറ്റ് വെട്ടിക്കുറയ്ക്കല്‍, ഫണ്ട് തടഞ്ഞുവയ്ക്കല്‍, തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കല്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് നിബന്ധനകള്‍ തുടങ്ങിയവ മൂലം ഏഴ് കോടി തൊഴിലാളികളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കി. പ്രതിവര്‍ഷം നൂറിനു പകരം കഷ്ടിച്ച് 50- 55 ദിവസത്തെ ജോലി മാത്രം നല്കുന്നതിലേക്ക് പദ്ധതി ചുരുക്കി.


ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള തൊഴില്‍ അവകാശം ഇപ്പോള്‍ ഉറപ്പ് മാത്രമായി. ഗ്രാമീണ ദരിദ്രരോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ ലംഘനമാണിത്. പൂര്‍ണ്ണമായും കേന്ദ്രീകൃത ധനസഹായത്തോടെയായിരുന്നു. പദ്ധതി ഇപ്പോള്‍ സംസ്ഥാനങ്ങളുടെ മേല്‍ ഏകദേശം 50,000 കോടി രൂപയുടെ ബാധ്യത അടിച്ചേല്പിക്കുന്നു. കേരളത്തിനു മാത്രം 2000 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. പുതിയ സംവിധാനം എല്ലാ വര്‍ഷവും നിശ്ചിത കാലയളവിലേക്ക് നിര്‍ബന്ധിത തൊഴില്‍ അടച്ചുപൂട്ടല്‍ സാധ്യമാക്കുന്നു. ഫണ്ടുകള്‍ തീര്‍ന്നുകഴിഞ്ഞാലും വിളവെടുപ്പ് സമയത്തുമൊക്കെ തൊഴിലാളികള്‍ക്ക് മാസങ്ങളോളം തൊഴില്‍ നിഷേധിക്കാം.


മോഡി ഗവണ്‍മെന്റ് വികേന്ദ്രീകരണവും തകര്‍ത്തു. ഗ്രാമസഭകളും പഞ്ചായത്തുകളും ഒരിക്കല്‍ പ്രയോഗിച്ച അധികാരങ്ങള്‍ തട്ടിയെടുത്ത് കേന്ദ്രത്തിന്റെ വിവിധ ഏജന്‍സികള്‍ക്ക് കൈമാറുന്നു. ആവശ്യകതയെ അടിസ്ഥാനമാക്കി തൊഴില്‍ നല്കുന്നതിനു പകരം കേന്ദ്രീകൃതമായി നിര്‍ണ്ണയിക്കപ്പെട്ട ഒരു വിഹിത വിതരണ സംവിധാനമാക്കി മാറ്റുന്നു. ഇത് കേന്ദ്രത്തിന് ഏകപക്ഷീയമായി ഫണ്ടുകള്‍ പരിമിതപ്പെടുത്താന്‍ അനുവദിക്കുന്നു. ഈ നീക്കം മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ അപമാനിക്കലും ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കെതിരായ തുറന്ന യുദ്ധപ്രഖ്യാപനവുമാണ്. ഇന്ത്യയിലെ യുവാക്കളെ റെക്കോര്‍ഡ് തൊഴിലില്ലായ്മ കൊണ്ട് തകര്‍ത്തതിന് ശേഷം, മോദി സര്‍ക്കാര്‍ ഇപ്പോള്‍ ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് പവന്‍ ഖേര ചൂണ്ടിക്കാട്ടി.  

****** ****** ******

നാഷണല്‍ ഹെറാള്‍ഡ് കേസ് മോദിക്ക് നാണക്കേട്



കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷ്യം വച്ചുള്ള മോദി സര്‍ക്കാരിന്റെ നാണംകെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അപമാനത്തില്‍ കലാശിച്ചുവെന്ന് പവന്‍ ഖേര ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ കേസ് ഡല്‍ഹി കോടതി ചവറ്റുകുട്ടയിലിട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്ണന്‍ സോണിയ ഗാന്ധിക്കും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളിയത് മോദി-ഷായുടെ പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. രാജ്യത്തോട് പച്ചക്കള്ളം പറഞ്ഞ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണം.  


12 വര്‍ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് ഇഡിയാണ് കേസുമായി മുന്നോട്ടുപോയത്. ബിജെപി സര്‍ക്കാരിന്റെ 'വോട്ട് ചോരി' ശ്രീ രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതിനെ തുടര്‍ന്നാണ് വേട്ടയാടല്‍ ശക്തിപ്പെടുത്തിയത്. ആരോപണങ്ങള്‍ കടുപ്പിക്കുകയും എതിരാളികളെ നിരന്തരം കോടതി കയറ്റുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ 5 ദിവസം 50 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇഡി ബിജെപിയുടെ ഭീഷണിപ്പെടുത്തല്‍ ഏജന്‍സിയായി ചുരുങ്ങി.


മോദി-ഷാ ഭരണകൂടം സിബിഐ, ആദായനികുതി വകുപ്പ് എന്നിവയെയും ഗാന്ധി കുടുംബത്തിനെതിരെ അഴിച്ചുവിട്ടു. നിരന്തരമായ സമ്മര്‍ദ്ദങ്ങളും ഭീഷണികളും മാധ്യമ വിചാരണകളും ഉണ്ടായിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതാക്കളും ഒരിഞ്ചും വഴങ്ങിയില്ല. കാരണം അവര്‍ സത്യത്തോടൊപ്പം നില്‍ക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് 'കേസില്‍' ബിജെപിയുടെ ആരോപണങ്ങള്‍ വെറും നുണകളുടെ ഒരു കൂട്ടം മാത്രമാണെന്ന് 140 കോടി ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞു.  


2014 ജൂലൈയില്‍, നാഷണല്‍ ഹെറാള്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ നല്കിയ പരാതിയുമായി ഇഡി മുന്നോട്ടുപോയി. എന്നാല്‍ ള്ളപ്പണം വെളുപ്പിക്കല്‍ നിയമം സെക്ഷന്‍ 5 പ്രകാരം, അന്വേഷിക്കാന്‍ അധികാരപ്പെടുത്തിയ ഒരു വ്യക്തിയുടെ പരാതിയിലോ എഫ്‌ഐആറിലോ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ എന്ന് ഡല്‍ഹി കോടതി ഊന്നിപ്പറഞ്ഞു. ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് കേസുമായി ബന്ധമില്ലാത്തതിനാലും ഏജന്‍സികള്‍ (സിബിഐ/ഇഡി) ഒരു ദശാബ്ദക്കാലം എഫ്‌ഐആര്‍ ഫയല്‍ ചെയ്യാത്തതിനാലും, കേസിന് നിയമപരമായ അടിത്തറയില്ലെന്നും പൂര്‍ണ്ണമായും രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍മ്മിച്ചതെന്നും ആയിരുന്നു കോടതിയുടെ അന്തിമ വിധി.


നാഷണല്‍ ഹെറാള്‍ പത്രം ഇന്ത്യന്‍ ദേശീയതയുടെയും രാഷ്ട്രീയപോരാട്ടത്തിന്റെയും പ്രതീകമാണ്. ബ്രിട്ടീഷുകാര്‍ നിരോധിച്ച ഈ പത്രത്തിനെതിരേയാണ് ബിജെപിയും രംഗത്തുവന്നതെന്ന് പവന്‍ ഖേര ചൂണ്ടിക്കാട്ടി.



****** ****** ******


പാരഡി ഗാനം എല്ലാ ബൂത്തുകളിലും പാടും : കെപിസിസി പ്രസിഡന്റ്

സണ്ണി ജോസഫ് എംഎല്‍എ





പാരഡി പാട്ടിനെ പ്രോത്സാഹിപ്പിച്ച സിപിഎം നേതൃത്വത്തിന് പ്രത്യേകം നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പാരഡി പാട്ട് ഹിറ്റാക്കിയത് സിപിഎമ്മിന്റെ മണ്ടത്തരമാണ്.കേസെടുക്കാനുള്ള തീരുമാനമാണ് പാരഡി പാട്ടിന് കൂടുതല്‍ പ്രചാരം ലഭിക്കാനിടയാക്കിയത്. അയ്യപ്പനിന്ദയോ മതവിദ്വേഷമോ ആ പാട്ടിലെ വരികളിലില്ല.


നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെടുക്കുന്നതിനേക്കാള്‍ സിപിഎമ്മിന് വിഷയം പാരഡി പാട്ടാണ്. സര്‍ക്കാര്‍ തെറ്റുതിരുത്തണം. അതല്ലെങ്കില്‍ പാട്ട് ഏറ്റുപാടിയതിന്റെ പേരില്‍ കേരളത്തിലെ ജനലക്ഷങ്ങളുടെ പേരില്‍ കേസുക്കാന്‍ വെല്ലുവിളിക്കുന്നു. പാട്ടിലെ വരികളില്‍ വിശ്വാസികള്‍ക്ക് സംതൃപ്തിയാണ് ഉണ്ടായത്. ഈ പാട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള സിപിഎം നീക്കം മറ്റൊരു മണ്ടത്തരമാണ്. കേരളത്തിലെ സിപിഎം നേതൃത്വത്തോട് സഹതാപം തോന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ സംഘടനാ നടപടിയെടുക്കുന്നതിലല്ല, മറിച്ച് പാരഡി ഗാനത്തിനെതിരെ കേസുമായി മുന്നോട്ട് പോകാനാണ് താല്‍പ്പര്യം.


കേസിനെ കോണ്‍ഗ്രസ് നേരിടും. എല്ലാ ബൂത്തുകമ്മറ്റികളുടേയും നേതൃത്വത്തില്‍ ആ പാട്ട് ആലപിക്കും. പരാഡി ഗാനത്തിനെതിരായ നീക്കത്തില്‍ സിപിഎമ്മിന് കാലിടറി. അയ്യപ്പന്റെ സ്വര്‍ണ്ണം വിറ്റ് കാശാക്കിയെന്ന ആ പാട്ടിലെ വരികള്‍ യാഥാര്‍ത്ഥ്യമാണ്. ഹൈക്കോടതി തന്നെ ആ നിരീക്ഷണം നടത്തിയിട്ടുണ്ട്. പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളി. ഉന്നതര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.






എലപ്പുള്ളി ബ്രൂവറി: കോടതി വിധി സ്വാഗതാര്‍ഹം


എലപ്പുള്ളി ബ്രൂവറിക്ക് അനുമതി റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ജനങ്ങളുടെ വിജയമാണത്. നേരത്തെ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ചതാണ്.


പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ്. പോലീസ് സ്റ്റേഷന്‍ മര്‍ദ്ദനങ്ങളുടെ നിരവധി അനുഭവങ്ങള്‍ നേരത്തെയുമുണ്ട്. ഷാഫി പറമ്പില്‍ എംപിയേയും യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെയും മര്‍ദ്ദിച്ചു. നിയമപോരാട്ടം നടത്തി സിസിടിവി ദൃശ്യം ലഭ്യമാക്കിയാണ് സത്യം പുറത്തുകൊണ്ടുവന്നത്. ഈ സംഭവങ്ങളിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കണ്ണുതുറന്നില്ല. ഈ മര്‍ദ്ദന ദൃശ്യങ്ങള്‍ സര്‍ക്കാര്‍ നേരത്തെ കണ്ടതാണ്. എന്നിട്ടത് മറച്ചുവെയ്ക്കാനാണ് ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.




Feedback and suggestions