തണുത്തുറഞ്ഞ് മൂന്നാര്‍; താപനില പൂജ്യത്തിലെത്തി


21, December, 2025
Updated on 21, December, 2025 9





മൂന്നാറില്‍ താപനില പൂജ്യത്തിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിയാർ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ താപനില പൂജ്യം രേഖപ്പെടുത്തിയത്.


കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാറില്‍ തണുപ്പ് കൂടി വരുന്ന സാഹചര്യമാണുള്ളത്. ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാർ പറയുന്നത്.


അരുവിക്കാട് എസ്റ്റേറ്റില്‍ ഇന്ന് ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ മൂന്നാർ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു.


മൂന്നാർ ടോപ് സ്റ്റേഷൻ റോഡില്‍ ചെണ്ടുവര എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില രണ്ട്‌ ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. മാട്ടുപ്പെട്ടി ആർ ആൻഡ് ടി ഡിവിഷനില്‍ നാല്‌, ലക്ഷ്മി എസ്റ്റേറ്റില്‍ മൂന്ന്‌, മൂന്നാറിലും സമീപ പ്രദേശങ്ങളിലും യഥാക്രമം നാല്‌, അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.


2024 ഡിസംബർ 23ന് താപനില മൈനസ് രണ്ടിലെത്തിയിരുന്നു. അതേ അവസ്ഥയിലേക്കാണ് കാലാവസ്ഥ മാറ്റമുണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്ത രണ്ടു ദിവസങ്ങളിലും താപനില കുറയുമെന്നാണ് പ്രതീക്ഷ. മൂന്നാറിന്റെ സമീപപ്രദേശങ്ങളായ പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍, ദേവികുളം എന്നിവിടങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.




Feedback and suggestions