കർഷകരും തൊഴിലാളികളും തെരുവിൽ, മോദിജി കേൾക്കുന്നുണ്ടോ?”: പണിമുടക്കിന് കരുത്തേകി രാഹുൽ ഗാന്ധി


12, February, 2026
Updated on 12, February, 2026 7


കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷകരും തൊഴിലാളികളും തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലാണെന്നും അവരുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങളും ഇന്ത്യ-അമേരിക്കൻ കരാറിലെ ആശങ്കകളും ചൂണ്ടിക്കാട്ടിയ രാഹുൽ, സാധാരണക്കാരുടെ ഉപജീവനത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ അവരെക്കൂടി പരിഗണിക്കണമെന്ന് എക്സിലൂടെ ആവശ്യപ്പെട്ടു.


അതേസമയം കേരളത്തിൽ പണിമുടക്ക് പൂർണ്ണമാണ്. പൊതുഗതാഗത സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ ജനജീവിതം സ്തംഭിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്ക് ശക്തമായി തുടരുകയാണ്. അതേസമയം, ആശുപത്രികൾ, പത്രം, പാൽ, തീർത്ഥാടന വാഹനങ്ങൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.




Feedback and suggestions