17, February, 2026
Updated on 17, February, 2026 10
മുംബൈ: ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ന് മുംബൈയിൽ കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച പുലർച്ചെ മുംബൈയിലെത്തിയ മാക്രോണിന്റെ നാലാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. ദക്ഷിണ മുംബൈയിലെ ലോക് ഭവനിൽ വെച്ചാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ നടക്കുക.
114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ നിർണ്ണായക തീരുമാനത്തിന് പിന്നാലെ നടക്കുന്ന ഈ കൂടിക്കാഴ്ച പ്രതിരോധ മേഖലയിൽ വലിയ ചുവടുവെപ്പുകൾക്ക് സാക്ഷ്യം വഹിക്കും. കൂടാതെ, ബെംഗളൂരുവിൽ നടക്കുന്ന ആറാമത് വാർഷിക പ്രതിരോധ സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാർ പത്ത് വർഷത്തേക്ക് കൂടി പുതുക്കി ഒപ്പുവെക്കുമെന്നും കരുതപ്പെടുന്നു. വ്യോമ-സമുദ്ര മേഖലകളിൽ കൂടുതൽ കരുത്തുറ്റ പങ്കാളിത്തത്തിനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.പ്രതിരോധം, വ്യാപാരം, ആരോഗ്യം, വിതരണ ശൃംഖല തുടങ്ങിയ മേഖലകളിലായി പന്ത്രണ്ടോളം ധാരണാപത്രങ്ങൾ കൂടിക്കാഴ്ചയിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ട്. 2026 വരെ നീണ്ടുനിൽക്കുന്ന ‘ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷം’ സംയുക്തമായി ഇരു നേതാക്കളും ഇന്ന് ഉദ്ഘാടനം ചെയ്യും. സാങ്കേതികവിദ്യ, സാംസ്കാരിക കൈമാറ്റം എന്നിവയിൽ ഊന്നിയുള്ള ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം വൈകുന്നേരം ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ വെച്ച് നടക്കും.ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമെ, റഷ്യ-ഉക്രെയ്ൻ യുദ്ധം, ഗാസയിലെ സംഘർഷം, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ തുടങ്ങിയ ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ പങ്കുവെക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ ഫ്രാൻസിനെ ഒരു അവിഭാജ്യ പങ്കാളിയായാണ് ഇന്ത്യ കാണുന്നത്.