1, March, 2026
Updated on 1, March, 2026 17
ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ സാമ്രാജ്യത്വം ഭ്രാന്തമായ നടപടികളിലേക്കാണ് കടക്കുന്നതെന്നും ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയെ കൊലപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാട്ടിലെ തെമ്മാടികൾ സ്വീകരിക്കുന്ന നിലപാടാണ് ചില തെമ്മാടി രാഷ്ട്രങ്ങൾ സ്വീകരിക്കുന്നതെന്നും ഇതിന് നേതൃത്വം നൽകുന്നത് അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനെതിരെ ആക്രമണം നടത്തേണ്ട യാതൊരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ല. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, യുദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള മലയാളി പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.