21, March, 2026
Updated on 21, March, 2026 48
ന്യൂഡൽഹി : ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ മോദി അപലപിച്ചു. സമീപകാല ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റിനോട് പറഞ്ഞു.
യുദ്ധം തുടങ്ങിയശേഷം ഇത് രണ്ടാം തവണയാണ് മോദി ഇറാൻ പ്രസിഡൻറിനെ വിളിക്കുന്നത്. മസൂദ് പെസഷ്കിയനോട് ഫോണിൽ സംസാരിച്ച വേളയിൽ ഈദ്, നൗറൂസ് ആശംസകളും നേര്‍ന്നതായി പ്രധാനമന്ത്രി അറിയിച്ചു. പശ്ചിമേഷ്യയിൽ വീണ്ടും സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകുമെന്ന് തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചതായും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പിൽ വ്യക്തമാക്കി.