ചന്ദ്രനെ തേടി കുതിക്കാന്‍ മണിക്കൂറുകള്‍ മാത്രം; 1972ന് ശേഷം മനുഷ്യൻ്റെ ആദ്യ ചാന്ദ്രയാത്ര


1, April, 2026
Updated on 1, April, 2026 4


വാഷിങ്ടണ്‍ ഡിസി: പതിറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യന്‍ നടത്തുന്ന ചാന്ദ്രയാത്രയായ ആര്‍ട്ടെമിസ് 2 ദൗത്യം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യുഎസിലെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54നാണ് പേടകത്തിന്റെ വിക്ഷേപണം. നാസ നേതൃത്വം നല്‍കുന്ന ദൗത്യത്തില്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നീ നാല് ബഹിരാകാശ ഗവേഷകരാണ് പങ്കെടുക്കുന്നത്. ഇവരില്‍ ജെറമി ഹാന്‍സെന്‍ ഒഴികെയുള്ള മൂന്നുപേരും നാസയുടെ ഗവേഷകരാണ്. ജെറമി ഹാന്‍സെന്‍ കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ ഗവേഷകനാണ്. ഓറിയോണ്‍ പേടകത്തിലാണ് ഇവര്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് ഓറിയോണ്‍ പേടകത്തെ ബഹിരാകാശത്തെത്തിക്കുക. ഗവേഷകര്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ ചന്ദ്രനിലിറങ്ങില്ല. പകരം, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിപ്പറന്ന് പഠനങ്ങള്‍ നടത്തി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയാണ് ചെയ്യുക. ശേഷം വരുന്ന ആര്‍ട്ടെമിസ് 3 ദൗത്യമാണ് മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറക്കുക. 10 ദിവസമാണ് ആര്‍ട്ടെമിസ് 2 സഞ്ചാരികള്‍ ഓറിയോണ്‍ പേടകത്തില്‍ ബഹിരാകാശത്ത് ചെലവഴിക്കുക. ഏപ്രില്‍ 10ഓടെ ഇവര്‍ തിരികെയെത്തും. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ഇതുവരെ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ആര്‍ട്ടെമിസ് ദൗത്യത്തിന് ഏറെ പ്രാധാന്യമുണ്ട്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ 22 ലക്ഷം കിലോ മീറ്ററാണ് സംഘം സഞ്ചരിക്കുക. ആര്‍ട്ടെമിസ് 1 ദൗത്യം 2022ലാണ് നടന്നത്. മനുഷ്യരെ പങ്കെടുപ്പിക്കാത്ത പരീക്ഷണ പറക്കലായിരുന്നു ഇത്. ഓറിയോണ്‍ പേടകം ചന്ദ്രനെ ചുറ്റി വിജയകരമായി തിരിച്ചെത്തിയിരുന്നു. ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ വിക്ഷേപണം നേരത്തെ പല തവണ മാറ്റിവെച്ചതാണ്. ഏറ്റവുമൊടുവില്‍ മാര്‍ച്ച് ആറിന് നടത്തുമെന്ന് അറിയിച്ചിരുന്ന വിക്ഷേപണം റോക്കറ്റിലെ സാങ്കേതിക തകരാര്‍ കാരണം മാറ്റിവെച്ചിരുന്നു. മാര്‍ച്ചില്‍ പിന്നെ വിക്ഷേപണ സാധ്യതയുള്ള സമയം (ലോഞ്ച് വിന്‍ഡോ) ഇല്ലാത്തതിനാലാണ് ഏപ്രില്‍ ആദ്യം വിക്ഷേപണത്തിന് തീരുമാനിച്ചത്.




Feedback and suggestions