ഇന്ത്യൻ പ്രതിരോധ മേഖല പുതിയ ചരിത്രം കുറിക്കുന്നു


2, April, 2026
Updated on 2, April, 2026 1




ഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖല പുതിയ ചരിത്രം കുറിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം റെക്കോർഡ് പ്രതിരോധ കയറ്റുമതി കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 62.66 ശതമാനം വർധനവോടെ 38,424 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 വർഷത്തിൽ ഇത് 23,622 കോടി രൂപയായിരുന്നു.


അമേരിക്ക, ഇസ്രായേൽ എന്നിവയുൾപ്പെടെ 80-ഓളം രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്. ഇതിലൂടെ 14,802 കോടി രൂപയുടെ അധിക വരുമാനം നേടാൻ സാധിച്ചു. ഇത്തവണ സ്വകാര്യ കമ്പനികളെ മറികടന്ന് പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വൻ നേട്ടമുണ്ടാക്കി. 151 ശതമാനം വളർച്ചയോടെ ഇവരുടെ കയറ്റുമതി 21,071 കോടി രൂപയായി ഉയർന്നു. നിലവിൽ വിപണി വിഹിതത്തിന്റെ 54.84 ശതമാനവും പൊതുമേഖലയുടെ കൈവശമാണ്. മുൻവർഷത്തെ 15,233 കോടിയിൽ നിന്ന് 17,353 കോടി രൂപയായി സ്വകാര്യ മേഖലയുടെ കയറ്റുമതിയും വർധിച്ചിട്ടുണ്ട്.


പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 128-ൽ നിന്ന് 145 ആയി ഉയർന്നു (13.3% വർധന). പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്ന വൻ സ്വീകാര്യതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ 80 രാജ്യങ്ങളിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.




Feedback and suggestions