4, April, 2026
Updated on 4, April, 2026 6
ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വടിനാർ തുറമുഖത്തേക്ക് വരികയായിരുന്ന ‘പിങ് ഷുൻ’ എന്ന കപ്പൽ പാതിവഴിയിൽ യാത്ര ലക്ഷ്യം മാറ്റി ചൈനയിലേക്ക് തിരിച്ചു. പണമിടപാടിലെ തർക്കങ്ങളാണ് ഈ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ആറ് ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി വന്ന ഈ കപ്പൽ ഇന്ത്യയിലെത്തിയിരുന്നെങ്കിൽ 2019-ന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ എണ്ണക്കപ്പലാകുമായിരുന്നു ഇത്. എന്നാൽ നിലവിൽ കപ്പൽ ചൈനയിലെ ഡോങ്‌യിംഗ് തുറമുഖം ലക്ഷ്യമാക്കി നീങ്ങുന്നതായാണ് ഉപഗ്രഹ വിവരങ്ങൾ വ്യക്തമാക്കുന്നത്.
നേരത്തെ ക്രൂഡ് ഓയിൽ വാങ്ങുമ്പോൾ 30 മുതൽ 60 ദിവസം വരെ സാവകാശം നൽകിയിരുന്ന ഇറാൻ, ഇപ്പോൾ ഉടനടി പണം നൽകണമെന്ന കർക്കശമായ നിലപാട് സ്വീകരിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ആഗോള പണമിടപാട് ശൃംഖലയായ ‘സ്വിഫ്റ്റിൽ’ നിന്ന് ഇറാനെ പുറത്താക്കിയതിനാൽ പണം കൈമാറുന്നതിൽ വലിയ സാഭേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എണ്ണവില വർദ്ധിച്ച സാഹചര്യത്തിൽ, കടലിലുള്ള ഇറാനിയൻ എണ്ണ വാങ്ങാൻ അമേരിക്ക നൽകിയ ഇളവ് ഏപ്രിൽ 19-ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പണമിടപാടിലെ തടസ്സങ്ങൾ നീങ്ങിയാൽ കപ്പൽ വീണ്ടും ഇന്ത്യയിലേക്ക് വരാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ കരുതുന്നു.