ലഖ്നൗ സ്റ്റേഷനിൽ സ്ഫോടന ഗൂഢാലോചന! പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ; പദ്ധതി പൊളിച്ച് യുപി പോലീസ്


4, April, 2026
Updated on 4, April, 2026 3


ലഖ്നൗ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്താനിരുന്ന വൻ ഭീകരാക്രമണ പദ്ധതി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) തകർത്തു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായി ബന്ധമുള്ള നാലുപേരെയാണ് ലഖ്നൗവിൽ നിന്ന് പോലീസ് പിടികൂടിയത്. രാജ്യത്തുടനീളം പരിഭ്രാന്തി പരത്തുക എന്ന ലക്ഷ്യത്തോടെ റെയിൽവേ ട്രാക്കുകൾ, സിഗ്നൽ സംവിധാനങ്ങൾ, സർക്കാർ ആസ്തികൾ എന്നിവ ലക്ഷ്യമിട്ട് സ്ഫോടനങ്ങളും തീവെപ്പും നടത്താനായിരുന്നു ഇവരുടെ നീക്കം. മീററ്റ് സ്വദേശിയായ സാഖിബ് നേതൃത്വം നൽകിയ സംഘമാണ് പിടിയിലായത്.


ടെലഗ്രാം, സിഗ്നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പാക് ഹാൻഡ്ലർമാരിൽ നിന്നാണ് പ്രതികൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. സ്ഫോടനം നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്താൻ ഇവർ ഗൂഗിൾ ലൊക്കേഷൻ കോർഡിനേറ്റുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിനുമുമ്പ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ചില അട്ടിമറി പ്രവർത്തനങ്ങളുടെ വീഡിയോകൾ പാക് ഏജന്റുകൾക്ക് അയച്ചുകൊടുത്തിരുന്നതായും അതിന് പ്രതിഫലമായി ക്യുആർ കോഡുകൾ വഴി പണം കൈപ്പറ്റിയിരുന്നതായും എടിഎസ് കണ്ടെത്തിയിട്ടുണ്ട്.അറസ്റ്റിലായ പ്രതികളിൽ നിന്ന് സ്മാർട്ട്‌ഫോണുകൾ, സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന കത്തുന്ന ദ്രാവകം, ലഘുലേഖകൾ തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ ലഖ്നൗ എടിഎസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും പൊതുമുതൽ നശിപ്പിക്കാനും ലക്ഷ്യമിട്ട ഇവരുടെ നീക്കം കൃത്യസമയത്തുള്ള പോലീസ് ഇടപെടലിലൂടെയാണ് പരാജയപ്പെട്ടത്.




Feedback and suggestions