6, April, 2026
Updated on 6, April, 2026 2
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ വിതരണത്തിൽ തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ വീണ്ടും എണ്ണ വാങ്ങുന്നു. പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ തടസങ്ങൾ നേരിടുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിഷേധിച്ചു.
2019-ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ എണ്ണ വിതരണം ഉറപ്പാക്കുന്നതിനായി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള ഉപരോധത്തിൽ അമേരിക്ക താത്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പണമടയ്ക്കുന്നതിലെ പ്രശ്നങ്ങൾ കാരണം ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ചൈനയിലേക്ക് തിരിച്ചുവിട്ടു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എണ്ണക്കപ്പലുകൾ പാതിവഴിയിൽ ലക്ഷ്യസ്ഥാനം മാറ്റുന്നത് അന്താരാഷ്ട്ര വ്യാപാരത്തിലെ സ്വാഭാവികമായ നടപടി മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു. വരും മാസങ്ങളിലേക്കാവശ്യമായ എണ്ണ ശേഖരം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇറാൻ ഉൾപ്പെടെ 40ൽ അധികം രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കമ്പനികൾക്ക് എവിടെ നിന്ന് എണ്ണ വാങ്ങണം എന്നതിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.