12, April, 2026
Updated on 12, April, 2026 3
വനിതാ സംവരണ ഭേദഗതി ബില്ലിൽ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ളതാണെന്ന് ഖാർഗെ ആരോപിച്ചു. തിരഞ്ഞെടുപ്പുകൾക്കിടയിൽ പെട്ടെന്ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത് ഇതിന്റെ തെളിവാണ്. ജനാധിപത്യപരമായ ചർച്ചകളാണ് ലക്ഷ്യമെങ്കിൽ ഏപ്രിൽ 29-ന് ശേഷം സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാതെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു നീക്കം നടത്തുന്നത് സ്ത്രീ ശാക്തീകരണത്തേക്കാൾ ഉപരിയായി രാഷ്ട്രീയ ലാഭത്തിനായുള്ള തിടുക്കമാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ, 2029-ലെ തിരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം നടപ്പാക്കേണ്ടത് രാജ്യത്തെ സ്ത്രീകളോടുള്ള ഉത്തരവാദിത്തമാണെന്നും ഇതിൽ രാഷ്ട്രീയത്തിനതീതമായ പിന്തുണ വേണമെന്നുമാണ് പ്രധാനമന്ത്രി എംപിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്.വനിതാ സംവരണ ബില്ലിലൂടെ നിയമസഭകളിലും ലോക്സഭയിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തെയും പാർലമെന്റ് സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകും. ഈ പരിഷ്കാരം നടപ്പിലായാൽ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെടും. കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയമസഭാ സീറ്റുകൾ 210 ആയും വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഭരണഘടനാ ഭേദഗതി നടപ്പിലാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാലാണ് ഭരണപക്ഷം പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നത്. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളിൽ പ്രതിപക്ഷ കക്ഷികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചുനിൽക്കേണ്ട നിമിഷമാണിതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതേസമയം, ബില്ലിലെ വ്യവസ്ഥകളും നടപ്പാക്കുന്ന രീതിയും സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് സാധ്യതയുണ്ട്.