തെരുവുകളിൽ 'ദളപതി' സിനിമാ സ്റ്റൈൽ മാസ് എൻട്രി; ചെന്നൈയെ ആവേശക്കടലാക്കി വിജയിയുടെ റോഡ് ഷോ


16, April, 2026
Updated on 16, April, 2026 1


ബുധനാഴ്ച വൈകുന്നേരം ദക്ഷിണ ചെന്നൈയിലെ ടി നഗറിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നത് നിറഞ്ഞുകവിഞ്ഞ തിയേറ്ററിൽ ഒരു സൂപ്പർതാരത്തിന്റെ സിനിമ റിലീസ് ചെയ്യുന്ന സ്ഥലത്തേക്ക് എത്തുന്ന പ്രതീതിയായിരുന്നു. കുട്ടികൾ ടെറസിലിരുന്ന് വിസിൽ വിളിക്കുമ്പോൾ, തെരുവുകളിൽ 'ദളപതി' എന്ന ആർപ്പുവിളികളാണ് മുഴങ്ങിക്കേൾക്കുന്നത്. ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആഘോഷത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടി.വി.കെ മേധാവി വിജയുടെ ടി. നഗർ റാലിയിലെ അന്തരീക്ഷം. വിജയുടെ വിശ്വസ്തനായ ബുസി ആനന്ദ് മത്സരിക്കുന്ന മണ്ഡലത്തിലായിരുന്നു ഈ ആവേശകരമായ പ്രകടനം.ഉങ്ക വിജയ്, ഉങ്ക വിജയ്, തനിയാൾ ഇല്ലൈ, കടൽ നാൻ; ഉങ്ക വിജയ്, ഉങ്ക വിജയ്, എളിയവൻ കുറൽ നാൻ" (നിങ്ങളുടെ വിജയ് ഒറ്റയ്ക്കല്ല, അവൻ ഒരു സമുദ്രമാണ്. നിങ്ങളുടെ വിജയ് ഒറ്റയ്ക്കല്ല, അവൻ സാധാരണക്കാരന്റെ ശബ്ദമാണ്) എന്ന പാട്ട് സ്പീക്കറിലൂടെ മുഴങ്ങിയതോടെ സിനിമാറ്റിക് സ്റ്റൈലിൽ പ്രചാരണ വാഹനത്തിന് മുകളിൽ വിജയുടെ മാസ് എൻട്രി പ്രത്യക്ഷപ്പെട്ടു. ഒരു തനി സിനിമാ ഹീറോ സ്റ്റൈലിൽ അദ്ദേഹത്തെ സ്വീകരിക്കാൻ അലങ്കരിച്ച നാലു കുതിരകളെയും അവിടെ എത്തിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ചെന്നൈയിൽ നടന്നത് ഒരു കംപ്ലീറ്റ് 'വിജയ് ഷോ' ആയിരുന്നു.ചെന്നൈയിലെ മൂന്നു മണ്ഡലങ്ങളിലാണ് വിജയ് റോഡ് ഷോകൾ നടത്തിയത്, ടി നഗർ, തൗസന്റ് ലൈറ്റ്സ്, എഗ്മോർ എന്നിവിടങ്ങളിൽ. 2021-ൽ എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് ടി. നഗർ. വെറും 137 വോട്ടുകൾക്കാണ് അന്ന് ഡി.എം.കെ സ്ഥാനാർത്ഥി വിജയിച്ചത്. വ്യത്യസ്ത വിഭാഗത്തിലുള്ള ആളുകൾ താമസിക്കുന്ന ടി. നഗർ പലപ്പോഴും രണ്ട് ദ്രാവിഡ പാർട്ടികൾക്കൊപ്പം മാറിമാറി നിന്നിട്ടുള്ള മണ്ഡലമാണ്. പ്രമുഖ വസ്ത്ര-സ്വർണ്ണ വ്യാപാര കേന്ദ്രങ്ങളും തിരക്കേറിയ രംഗനാഥൻ സ്ട്രീറ്റും ഉൾപ്പെടുന്ന ചെന്നൈയിലെ പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണിത്.


ടിവികെ സ്ഥാനാർത്ഥി ആനന്ദ് (എൻ ആനന്ദ്) പാർട്ടിയുടെ തുടക്കം മുതൽ വിജയ്‌യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാവാണ്. താഴെത്തട്ടിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിലും ജനങ്ങളെ അണിനിരത്തുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. 2020-ൽ കോവിഡ് ബാധിച്ച് മരിച്ച മുൻ എംഎൽഎ ജെ. അൻപഴകന്റെ മകൻ രാജ അൻപഴകനാണ് ആനന്ദിന്റെ പ്രധാന എതിരാളി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യ ജനപ്രതിനിധിയായിരുന്നു അൻപഴകൻ. അദ്ദേഹത്തോടുള്ള ആദരസൂചകമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ടി. നഗറിലെ പുതിയ മേൽപ്പാലത്തിന് അൻപഴകന്റെ പേര് നൽകിയിരുന്നു.




Feedback and suggestions