16, April, 2026
Updated on 16, April, 2026 0
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ വന്നതോടെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധങ്ങ ള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് ബില്ലുകള്‍ സഭയില്‍ വെച്ചത്. വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ നിയമ ഭേദഗതി എന്നീ മൂന്ന് ബില്ലുകള്‍ ആണ് കേന്ദ്രം കൊണ്ടുവന്നത്.
ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കുക ലക്ഷ്യമിട്ടുള്ളതാണ് ‘നാരീശക്തി വന്ദന്‍ അധിനിയം’ എന്നു പേരിട്ടിട്ടുള്ള ബില്‍. ഇതുപ്രകാരം 2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ ലോക്സഭയുടെ അംഗബലം 543 ല്‍ നിന്നും 850 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിയമസഭകളിലും മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ 33 ശതമാനം സ്ത്രീ സംവരണം നടപ്പാകും.
2029 ല്‍ ബിജെപിക്ക് ഭരണം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ബില്‍ കൊണ്ടു വന്നിട്ടുള്ളതെന്നു കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും രക്ഷപ്പെടാനാണ് കേന്ദ്ര നീക്കം. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വനിതാ സംവരണം നടപ്പാക്കാനാണെങ്കില്‍ 2023 ല്‍ പാസ്സാക്കിയ ബില്‍ അന്നേ എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.