19, April, 2026
Updated on 19, April, 2026 69
ദോഹ: ഖത്തറിലെ കടല്‍ത്തീരങ്ങളില്‍ 'പാരറ്റ് ഫിഷ്' അഥവാ 'അല്‍-ഖിൻ' മത്സ്യങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ച് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.വന്യജീവി വികസന വകുപ്പാണ് ഇവയെ കണ്ടെത്തിയത്. ഫിഷുകളുടെ ദൃശ്യങ്ങളും മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. മുന്നിലെ പല്ലുകള്‍ തത്തയുടെ ചുണ്ട് പോലെ കൂടിച്ചേർന്നിരിക്കുന്നതുകൊണ്ടാണ് പാരറ്റ് ഫിഷ് എന്ന പേര് ഇവയ്ക്ക് ലഭിച്ചത്. സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതില്‍ ഇവ നിർണായക പങ്കുവഹിക്കുന്നുണ്ട്.പവിഴപ്പുറ്റുകളുടെ ഉപരിതലത്തില്‍ വളരുന്ന ആല്‍ഗകളെ പാരറ്റ് ഫിഷ് പല്ലുകളുടെ സഹായത്തോടെ ചുരണ്ടി നീക്കം ചെയ്യുന്നു. അഥവാ ഈ ആല്‍ഗകളെയാണ് ഈ മത്സ്യങ്ങള്‍ ഭക്ഷിക്കുന്നത്. പാരറ്റ് ഫിഷിന് സാധാരണയായി 30-50 സെ.മീ വരെ വലിപ്പം ഉണ്ടാകാറുണ്ട്, എന്നാല്‍ ചില ഇനങ്ങള്‍ക്ക് ഒരു മീറ്ററിലധികം വളർച്ചയുണ്ടാകാറുണ്ട്. ശുദ്ധമായ സമുദ്രജലത്തില്‍ അതിജീവിക്കുന്ന ഇവയുടെ സാന്നിധ്യം ഖത്തറിന്റെ സമുദ്രജലത്തിന്റെ ഗുണനിലവാരവും ജൈവവൈവിധ്യവും മികച്ചതാണെന്നതിന്റെ തെളിവായി പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നു.