തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, സംസ്ഥാനത്തുടനീളം വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതായി പരാതികളുടെ പ്രളയം. മൈലാപ്പൂരിലെ ഡിഎംകെ സ്ഥാനാർത്ഥി ഡി. വേലുവിന്റെ സഹായിയുടെ വീട്ടിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് 2 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തെത്തുടർന്ന് വേലുവിനെ അയോഗ്യനാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതിനിടെ, സെന്തിൽ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിൽ വ്യാപകമായി പണമിടപാട് നടക്കുന്നുണ്ടെന്നും അതിനാൽ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എഐഎഡിഎംകെ സ്ഥാനാർത്ഥി കെ. അർജുനൻ ജില്ലാ കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് ചട്ടങ്ങൾ ലംഘിച്ച് ടിവികെ ഓൺലൈൻ വഴി വൻതോതിൽ പ്രചാരണം നടത്തുന്നുണ്ടെന്ന് കാട്ടി ഡിഎംകെ അനുഭാവികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ ശക്തമാകുമ്പോഴും വോട്ടിന് പണം നൽകുന്ന രീതിയോട് തനിക്ക് യോജിപ്പില്ലെന്നാണ് സെന്തിൽ ബാലാജി പ്രതികരിച്ചത്. നാളെ രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.