22, April, 2026
Updated on 22, April, 2026 5
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ ‘ഹീനമായ പ്രവർത്തി’ എന്ന് വിശേഷിപ്പിച്ച 27 രാഷ്ട്രങ്ങളടങ്ങിയ യൂറോപ്യൻ യൂണിയൻ, ഭീകരതയുടെ എല്ലാ രൂപങ്ങളെയും ശക്തമായി അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ഇന്ത്യൻ അധികൃതരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, ഇരകളുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഇയു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
യൂറോപ്യൻ യൂണിയന് പുറമെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും പഹൽഗാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പ്രസ്താവന പുറത്തിറക്കി. ലോകത്തെവിടെയുമുള്ള ഭീകരവാദ പ്രവർത്തനങ്ങളെ അപലപിച്ച ബ്രിട്ടൻ, സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യയുൾപ്പെടെയുള്ള പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. പഹൽഗാമിൽ പൊലിഞ്ഞ നിരപരാധികളായ മനുഷ്യരെ ഈ ദിവസം സ്മരിക്കുന്നതായും ലണ്ടൻ അറിയിച്ചു.
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ കേന്ദ്രമായ ഭീകരസംഘടന ലഷ്കർ-ഇ-തൊയ്ബ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഉൾപ്പെടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര താവളങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ശക്തമായ സൈനിക തിരിച്ചടി നൽകിയിരുന്നു.
ഭീകരതയെ എല്ലാ രൂപത്തിലും പരാജയപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പഹൽഗാം ആക്രമണ വാർഷികത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഒരു വർഷം പിന്നിടുമ്പോഴും പഹൽഗാമിലെ ഇരകളുടെ ഓർമ്മകൾ രാജ്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുന്നതാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.