തൃശൂർ പൂരം വിളംബരം നടന്നു; നാട് ഇനി പൂരാവേശത്തിലേക്ക്


26, April, 2026
Updated on 26, April, 2026 3



തൃശൂർ:തൃശൂർ പൂരം വിളംബരച്ചടങ്ങുകൾ നടന്നു. നാട് ഇനി പൂരാവേശത്തിലേക്ക്. കുറ്റൂർ നെയ്തലക്കാവ് ഭഗവതി പൂരത്തിന്റെ തലേ ദിവസം വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്നു തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് ചടങ്ങ്. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.


രാവിലെ ക്ഷേത്രത്തിൽ നിന്നു എഴുന്നള്ളിപ്പ് ആരംഭിച്ചു. പിന്നാലെ മണികണ്ഠനാലിലെത്തി അവിടെ നിന്നു മേളത്തിൻ്റെ അകമ്പടിയോടെ ശ്രീമൂല സ്ഥാനത്തെത്തി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു പാണ്ടിമേളം. ശേഷം വടക്കുന്നാഥ ക്ഷേത്രം പ്രദക്ഷിണം ചെയ്‌ത്‌ തെക്കേഗോപുര വാതിൽ വഴി പുറത്തിറങ്ങി പൂരം വിളംബരം ചെയ്തു. ശിവരാത്രിക്കും പൂരത്തിന്റെ തലേന്നും മാത്രമാണു ഈ വാതിൽ തുറക്കാറുള്ളത്. എഴുന്നള്ളിപ്പിന്റെ കൂടെ വരുന്നവരാണു ഗോപുരവാതിൽ അകത്തേക്കു വലിച്ചു തുറന്നു നെയ്തലക്കാവ് ഭഗവതിയെ പുറത്തേക്ക് ആനയിച്ചത്.


നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. മഠത്തിൽ വരവ് പഞ്ചവാദ്യം നാളെ രാവിലെ 11.30നും ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് 2.30നും കുടമാറ്റം വൈകിട്ട് അഞ്ചിനും നടക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ഇന്നലത്തെ സാംപിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കി. ഇതോടൊപ്പം കുടമാറ്റത്തിന്റെ സമയവും പരിമിതിപ്പെടുത്തിയിട്ടുണ്ട്. മേളം, മേളക്കാരുടെ എണ്ണം, ആനകളുടെ എണ്ണം എന്നിവയിൽ മാറ്റമില്ല.


കുടമാറ്റത്തിന് ഇരു വിഭാഗത്തിനും 15 ആനകൾ വീതം നിരക്കും. 15 മിനിറ്റ് എന്ന ധാരണയിലുള്ള കുടമാറ്റത്തിൽ പതിനഞ്ചോളം കുടകൾ വീതം ഉയർത്തുമെന്നാണു കണക്കാക്കുന്നത്. വെടിക്കെട്ടുകളുടെ സമയത്ത് ആചാരപരമായി കതിന പൊട്ടിക്കും. ഘടക പൂരങ്ങളും ആചാര അനുഷ്‌ഠാനങ്ങൾ ഒഴിവാക്കാതെ നാളെ പൂരത്തിന്റെ ഭാഗമാകും.





Feedback and suggestions