27, April, 2026
Updated on 27, April, 2026 6
അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കാനും ആഗോള വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും തുറന്നുകൊടുക്കാനുമുള്ള പുതിയ നിർദ്ദേശങ്ങൾ ഇറാൻ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്.പാകിസ്താൻ വഴിയാണ് ഇറാൻ ഈ സമാധാന നിർദ്ദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയതെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ 'ആക്‌സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു. നിലവിലെ സംഘർഷം അവസാനിപ്പിക്കാമെന്നും എന്നാൽ ഏറെ തർക്കവിഷയമായ ആണവ കരാർ ചർച്ചകൾ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവെക്കാമെന്നുമാണ് ഇറാന്റെ പുതിയ വാഗ്ദാനം.സമാധാന ശ്രമങ്ങൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നീക്കം. ചർച്ചകൾ വേണമെങ്കിൽ ടെഹ്‌റാന് നേരിട്ട് വാഷിംഗ്ടണിനെ വിളിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിൽക്കുകയാണ്.നേരത്തെ ഇറാൻ നൽകിയ ഓഫറുകളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫിന്റെയും ജാറെഡ് കുഷ്‌നറുടെയും പാകിസ്താൻ സന്ദർശനം വാഷിംഗ്ടൺ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങളുമായി ഇറാൻ രംഗത്തെത്തിയത്.ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിലൂടെ മേഖലയിലെ യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുകയോ അല്ലെങ്കിൽ ദീർഘകാലത്തേക്ക് വെടിനിർത്തൽ നീട്ടുകയോ ചെയ്യാമെന്ന് ഇറാൻ നിർദ്ദേശിക്കുന്നു. കടലിടുക്ക് തുറന്ന് ഉപരോധം നീക്കിയതിന് ശേഷം മാത്രമേ ആണവ കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങാവൂ എന്നാണ് ഇറാന്റെ നിലപാട്.ഇത്തരത്തിൽ ആണവ ചർച്ചകൾ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവെക്കാനാണ് ടെഹ്‌റാൻ ആഗ്രഹിക്കുന്നത്. വൈറ്റ് ഹൗസ് ഈ നിർദ്ദേശം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്മേൽ ചർച്ചകൾക്ക് അമേരിക്ക തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താനും ഒമാനും ഇടയിൽ തുടർച്ചയായ നയതന്ത്ര യാത്രകളിലാണ് അബ്ബാസ് അരാഗ്‌ചി. ഇതിന്റെ തുടർച്ചയായി അദ്ദേഹം തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തും. അമേരിക്കയുമായുള്ള ചർച്ചകളിൽ റഷ്യയുടെ പിന്തുണ തേടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സംഘർഷം ലഘൂകരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്.ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി അടുത്തിടെ നടത്തിയ പാകിസ്താൻ സന്ദർശനമാണ് ഈ നിർദ്ദേശങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി ജനറൽ അസിം മുനീറുമായും അരാഗ്‌ചി ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കൻ ഭരണകൂടത്തോട് അടുത്ത ബന്ധമുള്ള പാകിസ്താൻ വഴിയുള്ള ഈ നീക്കം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം. എന്നാൽ, ഇറാൻ എംപിമാരിൽ ചിലർ പാകിസ്താന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതും ഇതിനിടെ ചർച്ചയായിട്ടുണ്ട്.ഇറാന്റെ ഈ നിർദ്ദേശത്തോട് ട്രംപ് ഭരണകൂടം എങ്ങനെ പ്രതികരിക്കും എന്നത് നിർണ്ണായകമാണ്. ആണവ ചർച്ചകൾ മാറ്റിവെക്കുന്നത് അമേരിക്ക അംഗീകരിക്കാൻ സാധ്യതയില്ലെന്ന് നിരീക്ഷകർ കരുതുന്നു. എങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലൂടെ ലോക സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന നേട്ടം കണക്കിലെടുത്ത് വാഷിംഗ്ടൺ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്.