സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്


28, June, 2026
Updated on 28, June, 2026 0



വിക്ടോറിയ : ഭാരതവും സീഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു ചരിത്ര നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് പാർലമെന്റിനെ അഭിസംബോധന ചെയ്തു. സീഷെൽസ് പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സീഷെൽസിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിലാണ് 140 കോടി ഇന്ത്യൻ ജനതയുടെ ആശംസകളുമായി പ്രധാനമന്ത്രി സംസാരിച്ചത്. മോദി തന്റെ ഭരണകാലയളവിൽ അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ് കൂടിയാണിത്.


സഭയിലെ ആദ്യ വനിതാ സ്പീക്കറായ അസരെൽ ഏണസ്റ്റയെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു. ഇന്ത്യൻ മഹാസമുദ്രം ഇരുരാജ്യങ്ങൾക്കും ഇടയിലെ ഒരു തടസ്സമല്ല, മറിച്ച് ഇരുപക്ഷത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ​"ഇന്ത്യൻ മഹാസമുദ്രം ഭാരതത്തെയും സെഷെൽസിനെയും വേർപെടുത്തുകയല്ല, മറിച്ച് ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നാം ഒരിക്കലും അപരിചിതരല്ല, പഴയ സുഹൃത്തുക്കളാണ്. 1770 ഓഗസ്റ്റിൽ ഭാരതത്തിൽ നിന്നുള്ള അഞ്ച് ഇന്ത്യക്കാരുമായി 'തെലിമാക്' എന്ന കപ്പൽ സെഷെൽസിലെ സെന്റ് ആൻ ദ്വീപിൽ എത്തിയതോടെയാണ് ഈ സൗഹൃദത്തിന്റെ വിത്ത് പാകിയത്. 50 വർഷം മുൻപ് സെഷെൽസ് സ്വാതന്ത്ര്യം നേടിയ വേളയിൽ ഇന്ത്യയുടെ യുദ്ധക്കപ്പലായ 'ഐ.എൻ.എസ് നീലഗിരി' പോർട്ട് വിക്ടോറിയയിൽ സാന്നിധ്യമറിയിച്ചിരുന്നു. ഇന്ന് സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ 'ഐ.എൻ.എസ് ഇക്ഷക്' , 'ഐ.എൻ.എസ് തർകാഷ്' എന്നീ കപ്പലുകൾ ഇവിടെയുണ്ട്. കാലം മാറിയിട്ടും സീഷെൽസിനോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മാറിയിട്ടില്ലെന്നതിന്റെ തെളിവാണിത്. പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഞാൻ ആദ്യമായി സന്ദർശിച്ച രാജ്യം 2015 ൽ സീഷെൽസ് ആയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിൽ സീഷെൽസിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് ഞാൻ ഇവിടെ വന്നത്. ഒരു ദശാബ്ദത്തിനുശേഷം ഇവിടെ തിരിച്ചെത്തിയപ്പോൾ ഈ വിശ്വാസം എക്കാലത്തേക്കാളും ശക്തമാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 50 വർഷത്തെ ആഘോഷത്തിൽ നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്," എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.


"നമ്മൾ തമ്മിലുള്ള ബന്ധം സർക്കാരുകളാൽ സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അവ ആളുകളാൽ കെട്ടിപ്പടുത്തതും കുടുംബങ്ങളാൽ വളർത്തപ്പെട്ടതും തലമുറകളാൽ നിലനിർത്തപ്പെട്ടതുമാണ്. ഇന്ത്യൻ മഹാസമുദ്രമാണ് ഇത് സാധ്യമാക്കിയത്," എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. സ്പീക്കറോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, സഭയെ അഭിസംബോധന ചെയ്യാനുള്ള ക്ഷണം ലഭിച്ചതിനെ അപൂർവ പദവിയായി വിശേഷിപ്പിച്ചു. എട്ടാമത് ദേശീയ അസംബ്ലിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും സഭയുടെ ആദ്യ വനിതാ സ്പീക്കറെ തിരഞ്ഞെടുത്തതിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.




Feedback and suggestions