ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം


2, May, 2026
Updated on 2, May, 2026 6


ടെക്‌സാസ്: യുഎസിലെ ടെക്‌സാസില്‍ പിക്കിള്‍ ബോള്‍ താരങ്ങള്‍ സഞ്ചരിച്ച ചെറുവിമാനം തകര്‍ന്നുവീണ് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. ടെക്‌സാസ് ഹില്‍ കണ്‍ട്രിയിലെ വനപ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. വിമാന ത്തിലുണ്ടായിരുന്ന പൈലറ്റും നാല് യാത്രക്കാരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ടെക്‌സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.വ്യാഴാഴ്ച രാത്രി 11 ഓടെ ഓസ്റ്റിനില്‍ നിന്ന് 40 മൈല്‍ തെക്കുപടിഞ്ഞാറുള്ള വിംബര്‍ലി നഗരത്തിലാണ് അപകടം നടന്നത്. മരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലു മരണപ്പെട്ടവരെല്ലാം ടെക്‌സാസിലെ അമറില്ലോ പിക്കിള്‍ബോള്‍ ക്ലബ്ബിലെ അംഗങ്ങളാണെന്ന് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥിരീകരിച്ചു. ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു ദുരന്തം.അമറില്ലോയില്‍ നിന്ന് പറന്നുയര്‍ന്ന സെസ്‌ന 421സി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ന്യൂ ബ്രൗണ്‍ഫെല്‍സ് നാഷണല്‍ എയര്‍പോര്‍ട്ടിലേക്കായിരുന്നു ഇവരുടെ യാത്ര. വിമാനം വനപ്രദേശത്ത് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണുള്ളത്. വിമാനം തകരുന്ന ശബ്ദം കേട്ട് സമീപവാസികള്‍ പരിഭ്രാന്തരായി. ഭൂമി കുലുങ്ങുന്നതുപോലെയുള്ള അനുഭവം ഉണ്ടായെന്നും വീടിന് തീപിടിച്ചതാണോ എന്ന് ഭയന്നുവെന്നും പ്രദേശവാസി പറഞ്ഞു.അപകടത്തിനു പിന്നാവെ ന്യൂ ബ്രൗണ്‍ഫെല്‍സിലെ ക്രാങ്കി പിക്കിള്‍ എന്ന വേദിയില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റ് റദ്ദാക്കി. മരിച്ച താരങ്ങളോടുള്ള ആദരസൂചകമായി ശനിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്തും. അമറില്ലോയില്‍ നിന്ന് രണ്ട് വിമാനങ്ങളിലായാണ് താരങ്ങള്‍ പുറപ്പെട്ടിരുന്നത്. ഇതില്‍ രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.




Feedback and suggestions