3, May, 2026
Updated on 3, May, 2026 1
നെതർലൻഡ്‌സിലെ ഭാവി രാഞ്ജി കാതറിന അമാലിയയെയും സഹോദരി അലക്‌സിയയെയും ലക്ഷ്യമിട്ട് നടന്ന വധശ്രമം ഡച്ച് അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ മുപ്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വധശ്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. നാസി ആശയങ്ങളിൽ ആകൃഷ്ടനായ പ്രതിയിൽ നിന്നും ‘അലക്സിയ’, ‘മൊസാദ്’ എന്നീ വാക്കുകൾ കൊത്തിയ വാളുകളും അമാലിയയുടെയും അലക്സിയയുടെയും പേരുകൾ പരാമർശിക്കുന്ന രക്തരൂക്ഷിതമായ കുറിപ്പുകളും കണ്ടെടുത്തു.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുന്ന പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ രാജ്യത്തെ കർശനമായ സ്വകാര്യതാ നിയമങ്ങൾ മൂലം പുറത്തുവിട്ടിട്ടില്ല. വധശ്രമത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം പ്രൊസിക്യൂട്ടർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പിടിച്ചെടുത്ത ആയുധങ്ങളിൽ നാസി അഭിവാദ്യമായ ‘സീഗ് ഹെയ്ൽ’ എന്ന് രേഖപ്പെടുത്തിയത് ഗൂഢാലോചനയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. വില്ലെം അലക്സാണ്ടർ രാജാവിന്റെയും മാക്സിമ രാഞ്ജിയുടെയും മക്കളായ അമാലിയയ്ക്കും അലക്സിയയ്ക്കും നേരെ നടന്ന ഈ നീക്കം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ വീണ്ടും ജാഗരൂകമാക്കിയിരിക്കുകയാണ്.കിരീടാവകാശിയായ അമാലിയക്ക് നേരെ മുൻപും സമാനമായ ഭീഷണികൾ ഉണ്ടായിരുന്നു. 2022-ൽ മയക്കുമരുന്ന് മാഫിയ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെത്തുടർന്ന് ആംസ്റ്റർഡാമിലെ പഠനം ഉപേക്ഷിച്ച് കൊട്ടാരത്തിലെ സുരക്ഷയിലേക്ക് അമാലിയക്ക് മടങ്ങേണ്ടി വന്നിരുന്നു. പിന്നീട് 2024-ൽ അതീവ രഹസ്യമായാണ് സ്പെയിനിലെ മാഡ്രിഡിൽ താമസിച്ച് രാജകുമാരി പഠനം പൂർത്തിയാക്കിയത്. നിരന്തരമായ സുരക്ഷാ ഭീഷണികൾ മൂലം തന്റെ മകൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുന്നില്ലെന്ന് മാക്സിമ രാഞ്ജി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കനത്ത സുരക്ഷാ വലയത്തിനിടയിലും രാജകുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം നീക്കങ്ങൾ നെതർലൻഡ്‌സിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.