കാറിന് നേരെ ആക്രമണം; പശ്ചിമബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടു


7, May, 2026
Updated on 7, May, 2026 7


പശ്ചിമബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് പശ്ചിമബംഗാളിൽ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മാധ്യംഗ്രാമിലെ ഡോൾടാല പ്രദേശത്തെ ഡോഹാരിയയിൽ വെച്ചാണ് ആക്രമണം നടന്നത്. ഡ്രൈവർക്ക് സമീപം മുൻസീറ്റിൽ ഇരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന രഥിനെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ രഥിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. നെഞ്ചിലും വയറിലും ഒന്നിലധികം വെടിയുണ്ടകളേറ്റതായി ഡോക്ടർമാർ വ്യക്തമാക്കി. വെടിവയ്പ്പിൽ രഥിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഇയാളെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്. അക്രമികൾ കാറിനെ പിന്തുടർന്ന് തടഞ്ഞ ശേഷം എതിർവശത്ത് നിന്ന് കാറിന്റെ വിൻഡോയിലൂടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.ആക്രമണത്തിന് പിന്നാലെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെ അപലപിച്ച് തൃണമൂൾ കോൺഗ്രസ് രംഗത്തെത്തി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.




Feedback and suggestions