12, June, 2026
Updated on 12, June, 2026 7
ഇന്ത്യയിലെ 70 കോടിയോളം വരുന്ന യുവജനസംഖ്യയെ രാജ്യത്തിന്റെ വികസനത്തിനായി പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, പുതിയ തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് യുവാക്കൾക്കായി മികച്ച ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്നത് സംസ്ഥാനങ്ങളുടെ മുൻഗണനയായിരിക്കണം. ചരിത്രത്തിലാദ്യമായി രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഒന്നിച്ച് പങ്കെടുത്ത നിതി ആയോഗ് യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ നിർണ്ണായക നിർദ്ദേശങ്ങൾ.ഇന്ത്യയിൽ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ കടുത്ത ചർച്ചകൾ നടന്നു. വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ മുകളിൽ റൂഫ്‌ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വ്യാപകമാക്കും. ഇത് വഴി സാധാരണക്കാരുടെ കറന്റ് ബില്ല് കുറയ്ക്കാനും, സംസ്ഥാന സർക്കാരുകൾക്ക് വൈദ്യുതി സബ്‌സിഡി ഇനത്തിലുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനും സാധിക്കും.ആധുനിക സാങ്കേതികവിദ്യയുടെ വികാസത്തോടെ ആണവോർജ്ജം പൂർണ്ണമായും സുരക്ഷിതമായി മാറിയെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. രാജ്യത്തെ ആണവോർജ്ജ ഉൽപ്പാദനം വ്യാപിപ്പിക്കുന്നതിന് കൗൺസിൽ അംഗങ്ങൾ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശിക വികസനം കൃത്യമായി നിരീക്ഷിക്കുന്നതിനായി വരും മാസങ്ങൾക്കുള്ളിൽ തന്നെ എല്ലാ സംസ്ഥാനങ്ങളും ജില്ലാ അടിസ്ഥാനത്തിൽ ജിഡിപി കണക്കാക്കാനുള്ള സംവിധാനം വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് വഴി ഓരോ ജില്ലയുടെയും സാമ്പത്തിക വളർച്ചയും ദൗർബല്യങ്ങളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.ഇന്ത്യ ഇതിനകം സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുള്ള വിദേശ രാജ്യങ്ങളിൽ നിന്നും പരമാവധി വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ സംസ്ഥാനങ്ങൾ സജീവമായി രംഗത്തിറങ്ങണം. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ശക്തമായി പിന്തുണയ്ക്കണം. പ്രത്യേകിച്ച്, ഇന്ത്യയിൽ അതിവേഗം വളരുന്ന പ്രതിരോധ നിർമ്മാണ മേഖലയിലെ പുതിയ അവസരങ്ങൾ സംസ്ഥാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.