20, June, 2026
Updated on 20, June, 2026 59
പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത്, മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് പുതിയ ചരിത്രക്കുതിപ്പ് പകർന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലുകൾക്കായി തദ്ദേശീയമായി നിർമ്മിക്കുന്ന 12 മറൈൻ ഗ്യാസ് ടർബൈൻ ജനറേറ്റർ (GTG) സെറ്റുകൾ വാങ്ങുന്നതിനായി പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ ഭാരത് ഫോർജ് ലിമിറ്റഡുമായി (Bharat Forge Limited) പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. 425 കോടി രൂപയുടേതാണ് ഈ മെഗാ കരാർ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി തദ്ദേശീയ ഗ്യാസ് ടർബൈൻ അധിഷ്ഠിത പവർ പ്ലാന്റുകൾ നിർമ്മിച്ച് നൽകുന്നത് എന്ന പ്രത്യേകതയും ഈ അഭിമാന നേട്ടത്തിനുണ്ട്. ഡിഫൻസ് അക്വിസിഷൻ പ്രൊസീജ്യർ (DAP) 2020-ലെ ‘ബൈ ഇന്ത്യൻ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഈ കരാർ ഒപ്പുവെച്ചിരിക്കുന്നത്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ വെച്ചായിരുന്നു ചരിത്രപരമായ കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.