അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ പാക് നാവിക നീക്കം; 'ഹംഗോർ' അന്തർവാഹിനിയെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ


21, June, 2026
Updated on 21, June, 2026 0



ഏകദേശം അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് നാവിക സാന്നിധ്യമുറപ്പിക്കാനുള്ള പാകിസ്ഥാന്റെ പുതിയ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യ. ചൈനയിൽ നിന്ന് പാകിസ്ഥാൻ വാങ്ങിയ അതിനൂതന 'ഹംഗോർ ക്ലാസിൽപ്പെട്ട' എട്ട് അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചി നാവിക ആസ്ഥാനത്ത് എത്തിയതായി പാക് നാവികസേന തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും നാവികസേനയും അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയത്.വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ തന്ത്രപ്രധാനമായ ഈസ്റ്റേൺ നേവൽ കമാൻഡിനും ഇന്ത്യൻ സമുദ്രമേഖലയിൽ ഏറെ സുപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും തൊട്ടടുത്തായി പാക്കിസ്ഥാൻ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.1971-ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിനുശേഷം ഇതാദ്യമായാണ് ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഇത്രയും വലിയൊരു സൈനിക നീക്കത്തിന് മുതിരുന്നത്. ചൈനീസ് നിർമ്മിതമായ ഈ പുതിയ ഹംഗോർ ക്ലാസ് മുങ്ങിക്കപ്പലുകൾക്ക് തുടർച്ചയായി 20 ദിവസം വരെ വെള്ളത്തിനടിയിൽ തന്നെ ഒളിച്ചുകഴിയാനുള്ള അസാധാരണ ശേഷിയുണ്ടെന്നത് ഇതിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.പാകിസ്ഥാൻ തങ്ങളുടെ പുതിയ അന്തർവാഹിനിക്ക് 'ഹംഗോർ' എന്ന് പേരിട്ടത് യാദൃച്ഛികമല്ല. 1971-ലെ ഇന്ത്യ–പാക് യുദ്ധകാലത്ത് 'ഐഎൻഎസ് ഖുക്രി' എന്ന ഇന്ത്യൻ പടക്കപ്പൽ ടോർപ്പിഡോ എറിഞ്ഞ് തകർത്തത് 'പിഎൻഎസ് ഹംഗോർ' എന്ന അന്നത്തെ പാക് മുങ്ങിക്കപ്പലായിരുന്നു. ആ യുദ്ധത്തിൽ പാക്കിസ്ഥാനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ വൻ വിജയം നേടിയെങ്കിലും, കടലിൽ വെച്ച് ഐഎൻഎസ് ഖുക്രിയും അതിലെ ധീര സൈനികരെയും നഷ്ടപ്പെട്ടത് ഭാരതത്തിന് വലിയൊരു ആഘാതമായിരുന്നു.ഇന്ത്യയെ പ്രകോപിപ്പിക്കാനും തങ്ങളുടെ നാവിക വീര്യം കാണിക്കാനുമാണ് പാകിസ്ഥാൻ പുതിയ ചൈനീസ് അന്തർവാഹിനികൾക്ക് ഇതേ പേര് തന്നെ നൽകിയിരിക്കുന്നത്. ചൈനയും പാകിസ്ഥാനും സംയുക്തമായി ഇന്ത്യൻ സമുദ്രമേഖലയിൽ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമാണെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.




















Feedback and suggestions