20, June, 2026
Updated on 20, June, 2026 6
ലണ്ടന് വടക്കുള്ള ബെഡ്ഫോർഡ് നഗരത്തിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയുടെ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. റെയിൽ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം വൈകുന്നേരം 5:15 ഓടെയാണ് അപകടമുണ്ടായത്. രണ്ട് ട്രെയിനുകളും ലണ്ടനിലെ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നുഅപകടത്തെത്തുടർന്ന് ട്രെയിൻ കോച്ചുകൾക്കുള്ളിൽ കടുത്ത പരിഭ്രാന്തിയും ആശയക്കുഴപ്പവും നിറഞ്ഞ സാഹചര്യമാണ് ഉണ്ടായതെന്ന് യാത്രക്കാർ വിവരിച്ചു. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ ശക്തമായ ആഘാതത്തിൽ ആളുകൾ മുന്നിലേക്ക് തെറിച്ചുവീണതായും പലരുടെയും അസ്ഥികൾ ഒടിയുകയും ശരീരത്തിൽ നിന്ന് രക്തം വരികയും ചെയ്തതായും ഒരു യാത്രക്കാരൻ പറഞ്ഞു..സംഭവസ്ഥലത്തേക്ക് എയർ ആംബുലൻസും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസിൽ നിന്നുള്ള പ്രത്യേക ഹസാർഡസ് ഇൻസിഡന്റ് ടീമും ഉൾപ്പെടെ നിരവധി അത്യാഹിത വിഭാഗങ്ങളെ അയച്ചുകൊണ്ട് സുരക്ഷാ സേന വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് ഏകോപിപ്പിച്ചത്.അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഒരാൾ നിർഭാഗ്യവശാൽ മരണപ്പെട്ടതായും പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതൊരു വലിയ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബെഡ്ഫോർഡ്ഷെയർ പോലീസും പ്രാദേശിക ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് സർവീസുകളിലെ സഹപ്രവർത്തകരും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.ഈ അപകടത്തിൽ 11 പേർക്ക് അതീവ ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും 22 പേർക്ക് ഗുരുതരമായ പരിക്കുകളും 56 പേർക്ക് നിസ്സാര പരിക്കുകളും പറ്റിയിട്ടുണ്ടെന്നും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് പിന്നീട് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ദേശീയ റെയിൽവേ, മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എഡ്ഡി ഡെംപ്സി, അപകടത്തിൽ മരിച്ച വ്യക്തി ട്രെയിൻ ഡ്രൈവർമാരിൽ ഒരാളാണെന്ന് സ്ഥിരീകരിച്ചു.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ഒരു ട്രെയിനിന്റെ മുൻഭാഗം മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഇടിച്ച് കയറിയ നിലയിലാണ് കാണപ്പെടുന്നത്. എന്നാൽ കോച്ചുകൾ വലിയ രീതിയിൽ മറിയാതെ ട്രാക്കിൽ തന്നെ നേരെ നിൽക്കുന്ന അവസ്ഥയിലായിരുന്നു.അപകടത്തിൽപ്പെട്ട ട്രെയിനുകളിലൊന്നിൽ യാത്ര ചെയ്തിരുന്ന ഡോക്ടർ പീറ്റർ നാപ്പ്, തനിക്കുണ്ടായ അനുഭവം ബ്ലൂസ്കൈ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. പെട്ടെന്നുണ്ടായ കടുത്ത കൂട്ടിയിടിയിൽ ഒരു കോച്ച് പാളം തെറ്റിയതായും തനിക്ക് നിസ്സാര പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.