ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന


29, June, 2026
Updated on 29, June, 2026 3


ചൈനീസ് അതിർത്തിയോട് ചേർന്നുള്ള പർവ്വത മേഖലകളിൽ ശത്രുക്കൾക്കെതിരെ അതിവേഗവും ശക്തവുമായ പ്രത്യാക്രമണം ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം തങ്ങളുടെ ആദ്യ 'ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ' അടുത്ത മാസം മുതൽ പ്രവർത്തനസജ്ജമാക്കുന്നു. കരസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുനഃസംഘടനകളിലൊന്നാണിത്.




സിഎൻഎൻ-ന്യൂസ്18 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് അതിർത്തിയിലെ പ്രതിരോധ ചുമതലയുള്ള പനാഗഡ് ആസ്ഥാനമായുള്ള പതിനേഴാം മൗണ്ടൻ സ്ട്രൈക്ക് കോർപ്സിൽ നിന്നാണ് ആദ്യ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. പർവ്വത മേഖലകളിൽ അതിവേഗം വിന്യസിക്കാൻ കഴിയുന്നതും, യുദ്ധമുഖത്ത് സ്വയംപര്യാപ്തവുമായ ചെറിയ പോരാട്ട യൂണിറ്റുകൾ രൂപീകരിക്കുക എന്നതാണ് ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകളിലൂടെ ഇന്ത്യൻ കരസേന ലക്ഷ്യമിടുന്നത്. മുൻപ് നിശ്ചയിച്ചിരുന്ന പ്ലാൻ അനുസരിച്ച് വരും മാസങ്ങളിൽ പ്രവർത്തനസജ്ജമാക്കേണ്ടിയിരുന്ന ഈ പ്രത്യേക ഫോർമേഷനുകളുടെ സമയക്രമം പ്രതിരോധ മന്ത്രാലയം മുന്നോട്ട് നീക്കുകയായിരുന്നു. ഇതനുസരിച്ച് ജൂലൈ 1 മുതൽ തന്നെ ഈ യൂണിറ്റുകൾ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ.




പുതിയ പുനഃസംഘടന പ്ലാൻ അനുസരിച്ച്, പതിനേഴാം മൗണ്ടൻ സ്ട്രൈക്ക് കോർപ്സിന് കീഴിൽ നാല് ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകളും ഒരു പ്രത്യേക 'ഫയർ സപ്പോർട്ട് ഗ്രൂപ്പും' ഉണ്ടായിരിക്കും. ഒരു മേജർ ജനറൽ റാങ്കിലുള്ള ഓഫീസറുടെ നേരിട്ടുള്ള കമാൻഡിന് കീഴിലായിരിക്കും ഓരോ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പും പ്രവർത്തിക്കുക. 12 മുതൽ 13 വരെ വ്യത്യസ്ത സൈനിക വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 5,000-ത്തിലധികം കമാൻഡോകളും സൈനികരും ഓരോ ബാറ്റിൽ ഗ്രൂപ്പിലും അണിനിരക്കും. കൂടാതെ ഓരോ ഗ്രൂപ്പിന്റെയും ചീഫ് ഓപ്പറേഷൻസ് ഓഫീസറായി (COO) ഒരു ബ്രിഗേഡിയർ റാങ്കിലുള്ള ഓഫീസറെയും നിയോഗിക്കും.നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ വലിയ യുദ്ധവിഭാഗങ്ങളെ വിന്യസിക്കാൻ കൂടുതൽ സമയമെടുക്കാറുണ്ട്. എന്നാൽ അതിർത്തിയിലെ അടിയന്തിര സാഹചര്യങ്ങളിൽ ശത്രുവിനെ ഞൊടിയിടയിൽ നേരിടാൻ കമാൻഡോകൾ, ഇൻഫൻട്രി, ആർട്ടിലറി, വ്യോമ പ്രതിരോധം, ഇന്റലിജൻസ് എന്നിവ ഒരുമിച്ച് ചേർന്ന ചെറിയ ഗ്രൂപ്പുകൾക്ക് സാധിക്കും. ചൈനയുമായി തർക്കം നിലനിൽക്കുന്ന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (LAC) സമീപമുള്ള കഠിനമായ മലനിരകളിൽ ഈ ഫോർമേഷൻ ഇന്ത്യൻ പ്രതിരോധത്തിന് വലിയ കരുത്താകും.










Feedback and suggestions