29, June, 2026
Updated on 29, June, 2026 3
വടക്കൻ ജർമ്മൻ നഗരമായ സ്റ്റേഡിൽ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് തോക്കുധാരിയെന്ന് സംശയിക്കുന്നയാളെയും രണ്ടാമതൊരു പ്രതിയെയും അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് സ്ഥിരീകരിച്ചു. നഗരമധ്യത്തിന് പുറത്തുള്ള ഒരു യുവജനക്ഷേമ കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടർന്ന് പോലീസ് പ്രദേശത്ത് വൻതോതിലുള്ള സുരക്ഷാ ഓപ്പറേഷൻ നടത്തിവരികയാണ്. ജനങ്ങൾ സ്വന്തം സുരക്ഷ മുൻനിർത്തി ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കണമെന്ന് പോലീസ് എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.ഹാംബർഗിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, ഏകദേശം 50,000ത്തോളം ജനസംഖ്യയുള്ള ഒരു ചെറിയ നഗരമാണ് സ്റ്റേഡ്. ഇവിടെയുള്ള യുവജനക്ഷേമ കേന്ദ്രത്തിൽ നടന്ന അക്രമത്തിൽ അഞ്ച് പേർക്ക് മാരകമായി പരിക്കേൽക്കുകയും അവർ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് സിറ്റി പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജർമ്മനിയിൽ സമീപകാലത്ത് നടക്കുന്ന വലിയൊരു ആയുധ ആക്രമണമാണിത്.അമേരിക്കയെ അപേക്ഷിച്ച് ജർമ്മനിയിൽ തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമങ്ങൾ വളരെ കർശനമാണ്. അതിനാൽ ഇത്തരം കൂട്ടവെടിവെപ്പുകൾ അവിടെ അപൂർവ്വമായാണ് സംഭവിക്കാറുള്ളത്. 25 വയസ്സിന് താഴെയുള്ള ആർക്കും തോക്ക് ലൈസൻസിനായി അപേക്ഷിക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പരിശോധന നിർബന്ധമാണ്. ഇതിന് മുൻപ്, 2023 മാർച്ചിൽ ഹാംബർഗിലെ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിന് നേരെ മുൻ അംഗം നടത്തിയ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.