തിരുവനന്തപുരം : മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം മൂലം മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്ന് രാവിലെ 07.50 ഓടെയാണ് അപകടം. പൂത്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം.രണ്ട് എൻജിൻ ഉൾപ്പെടെ നഷ്ടമായി. വള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്നു. വള്ളത്തിലുണ്ടായിരുന്ന ഒന്നാം പാലം സ്വദേശികളായ അലി (25), അർഷാദ് (22), നൗഷാദ് (22) എന്നീ തൊഴിലാളികൾ കടലിൽ വീണു. ഈ സമയം മൗത്ത് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാരായ റോയ് റോബർട്ട്, ഷൈജു ഡി, ജോസഫ്, ജഗൻ എന്നിവർ ചേർന്ന് തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. മൂവരെയും ആംബുലൻസിൽ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.കല്ലിൽ കയറിക്കിടക്കുന്ന വള്ളം തിരികെ എടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.