ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ 'മ്യൂസ് ഇമേജ്' ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ


8, July, 2026
Updated on 8, July, 2026 5



ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ പ്രമുഖ കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടാൻ ലക്ഷ്യമിട്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ തങ്ങളുടെ ആദ്യത്തെ അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡലായ 'മ്യൂസ് ഇമേജ്' (Muse Image) പുറത്തിറക്കി. മെറ്റയുടെ എഐ വിഭാഗമായ മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് വികസിപ്പിച്ചെടുത്ത ഈ പുതിയ സാങ്കേതികവിദ്യ ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ തുടങ്ങിയ ജനപ്രിയ ആപ്പുകളിൽ നേരിട്ട് ലഭ്യമാകും. ലളിതമായ സംഭാഷണങ്ങളിലൂടെയോ വിവരണങ്ങളിലൂടെയോ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. മുൻപ് ചിത്രങ്ങൾ നിർമ്മിക്കാൻ മെറ്റ ആശ്രയിച്ചിരുന്ന മിഡ്ജേർണി പോലുള്ള തേർഡ് പാർട്ടി സേവനങ്ങൾക്ക് പകരമായാണ് മെറ്റ സ്വന്തമായി ഈ മോഡൽ വികസിപ്പിച്ചത്. 


കഴിഞ്ഞ ഏപ്രിലിൽ മെറ്റ അവതരിപ്പിച്ച 'മ്യൂസ് സ്പാർക്ക്' എന്ന ലാംഗ്വേജ് മോഡലിന് പിന്നാലെയാണ് സൂപ്പർഇന്റലിജൻസ് ലാബ്‌സിൽ നിന്നുള്ള രണ്ടാമത്തെ വലിയ റിലീസായി മ്യൂസ് ഇമേജ് എത്തുന്നത്. സാധാരണ ഉപയോക്താക്കൾക്ക് മെറ്റാ എഐ ആപ്പിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഇത് സൗജന്യമായി ഉപയോഗിക്കാം. എന്നാൽ കൂടുതൽ ഉയർന്ന ഫീച്ചറുകൾക്കായി മെറ്റാ വൺ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ ആവശ്യമായി വരും. ​വെറും വാചകങ്ങൾ ചിത്രങ്ങളാക്കി മാറ്റുന്നതിനപ്പുറം നിലവിലുള്ള ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മ്യൂസ് ഇമേജിന് സാധിക്കും. ഒരു ചിത്രത്തിൽ നിന്ന് അനാവശ്യമായ വസ്തുക്കൾ നീക്കം ചെയ്യുക, പശ്ചാത്തലം മാറ്റുക, വസ്ത്രങ്ങളിലോ വെളിച്ചത്തിലോ വ്യത്യാസങ്ങൾ വരുത്തുക എന്നിവയെല്ലാം ലളിതമായ നിർദ്ദേശങ്ങളിലൂടെ ചെയ്യാൻ കഴിയും. ചിത്രങ്ങൾക്ക് മുകളിൽ ലളിതമായി വരച്ചുകൊണ്ടോ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ടോ ഉള്ള എഡിറ്റിംഗും സാധ്യമാണ്. 


ആദ്യഘട്ടമെന്ന നിലയിൽ യുഎസിലെ ഉപയോക്താക്കൾക്കായി ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഉപയോഗിക്കാവുന്ന മുപ്പതിലധികം പുത്തൻ എഐ ക്രിയേറ്റീവ് ഇഫക്റ്റുകളും മെറ്റ ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ വിപ്ലവകരമായ ഫീച്ചറുകൾക്കൊപ്പം വലിയൊരു വിവാദവും മ്യൂസ് ഇമേജിനെച്ചൊല്ലി ഉയർന്നിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ സുഹൃത്തുക്കളുടെയോ മറ്റുള്ളവരുടെയോ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇതിൽ ടാഗ് ചെയ്ത് അവരുടെ ചിത്രങ്ങൾ എഐ ജനറേഷനായി ഉപയോഗിക്കാം എന്ന ഫീച്ചറാണ് സ്വകാര്യതാ ലംഘനമെന്ന പേരിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങൾ എഐ നിർമ്മിതിക്കായി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഉയരുന്ന പരാതി. എന്നാൽ ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം സെറ്റിങ്സിലെ 'ഷെയറിങ് ആൻഡ് റീയൂസ്' ഓപ്ഷൻ വഴിയോ അക്കൗണ്ട് പ്രൈവറ്റ് ആക്കുന്നതിലൂടെയോ ഈ ഫീച്ചർ ഓഫാക്കി വെക്കാനുള്ള നിയന്ത്രണം മെറ്റ നൽകിയിട്ടുണ്ട്.




Feedback and suggestions