സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാന്റും ; 9 മാസത്തിനുള്ളിൽ കരാറിലെത്തിയത് ചരിത്രത്തിലെ ആദ്യ സംഭവമെന്ന് മോദി


11, July, 2026
Updated on 11, July, 2026 4



വെല്ലിങ്ടൺ : സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും ന്യൂസിലാന്റും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ന്യൂസിലാൻഡ് സന്ദർശനത്തിനിടെ ആണ് ചരിത്രപരമായ ഈ കരാറിൽ ഒപ്പുവെച്ചത്. സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ ചരിത്ര നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ന്യൂസിലാൻഡിന്റെ സാമ്പത്തിക തലസ്ഥാനമായ ഓക്ക്‌ലൻഡിൽ വെച്ച് അവിടുത്തെ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി നടത്തിയ ഉന്നതതല പ്രതിനിധി ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ ന്യൂസിലാൻഡ് സന്ദർശനമാണിത് എന്നതിനാൽ, ഈ പര്യടനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് വലിയൊരു ഊർജ്ജവും പുതിയ ദിശാബോധവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വെറും ഒമ്പത് മാസം കൊണ്ട് ഇരുരാജ്യങ്ങളും ഒരുമിച്ച് നിന്ന് ഇത്രയും വേഗത്തിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാക്കിയത് ആഗോള ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണെന്നും ഇതിനായി മികച്ച നേതൃത്വം നൽകിയ ക്രിസ്റ്റഫർ ലക്സണോടും അദ്ദേഹത്തിന്റെ ടീമിനോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. 


​ഈ ചരിത്രപരമായ സന്ദർശനത്തിനിടയിൽ ഇന്ത്യയും ന്യൂസിലാൻഡും തങ്ങളുടെ നയതന്ത്ര ബന്ധത്തെ ഔദ്യോഗികമായി 'തന്ത്രപ്രധാന പങ്കാളിത്തം' എന്ന പുതിയ തലത്തിലേക്ക് ഉയർത്തിയതായി ഇരുനേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഹോളി ആഘോഷങ്ങളുടെ സമയത്ത് ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചപ്പോൾ ആരംഭിച്ച ചർച്ചകളാണ് ഇപ്പോൾ വലിയ നേട്ടത്തിലെത്തി നിൽക്കുന്നത്. ഈ പുതിയ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി 'ഇന്ത്യ-ന്യൂസിലാൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്: റോഡ്മാപ്പ് 2030' ഇരുരാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ വ്യാപാരം, കൃഷി, സുരക്ഷ, ശാസ്ത്ര സാങ്കേതിക വിദ്യ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവ ശക്തമാക്കാനുള്ള കൃത്യമായ പദ്ധതികൾ ഈ റോഡ്മാപ്പിൽ ഉൾപ്പെടുന്നു. ഈ പുതിയ കരാറിന്റെയും വിപണി സാധ്യതകളുടെയും സഹായത്തോടെ 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 7 ബില്യൺ ന്യൂസിലാൻഡ് ഡോളറിൽ (ഏകദേശം 35,000 കോടി രൂപ) എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.


ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയിലും വികസന കുതിപ്പിലും പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളറിന്റെ വൻ നിക്ഷേപം നടത്താൻ ന്യൂസിലാൻഡ് ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത് കേവലം ഒരു സാമ്പത്തിക ഇടപാട് മാത്രമല്ലെന്നും ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളിയാകാനുള്ള ന്യൂസിലാൻഡിന്റെ വലിയ ആഗ്രഹത്തെയാണ് കാണിക്കുന്നതെന്നും ഓക്ക്‌ലൻഡിൽ നടന്ന ബിസിനസ്സ് ആൻഡ് സ്പോർട്സ് കോൺഫറൻസിൽ പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന ഇന്ത്യയും ന്യൂസിലാൻഡും സ്വാഭാവിക പങ്കാളികളാണെന്നും ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും സുരക്ഷയും നിലനിർത്താൻ രണ്ട് പ്രമുഖ സമുദ്ര രാഷ്ട്രങ്ങൾ എന്ന നിലയിലുള്ള ഇവരുടെ സഹകരണം ആഗോളതലത്തിൽ തന്നെ വലിയൊരു ചാലകശക്തിയായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.




Feedback and suggestions