27, July, 2026
Updated on 27, July, 2026 5
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഉപജീവന പദ്ധതികൾ നടപ്പാക്കാൻ പ്രഖ്യാപിച്ച മൈക്രോ പ്ലാൻ ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ച് ദുരിതബാധിതർ രംഗത്ത്. പദ്ധതികളുടെ ഭാഗമായി ഒരാൾക്ക് രണ്ട് ലക്ഷം രൂപ വരെ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നിരവധി പേർക്ക് ഈ തുക ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ദുരന്തബാധിതർ പ്രതിഷേധവുമായി എത്തിയത്. തിങ്കളാഴ്ച കൽപ്പറ്റയിലെ കുടുംബശ്രീ ജില്ലാ ഓഫീസിലെത്തിയ ദുരിതബാധിതർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടർച്ചയായി ഓഫീസുകൾ കയറിയിറങ്ങി മടുത്തെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാവശ്യ കാലതാമസവും ആശയക്കുഴപ്പങ്ങളുമാണ് സഹായം വൈകാൻ കാരണമെന്നും അവർ കുറ്റപ്പെടുത്തി.പ്രതിഷേധം ശക്തമായതോടെ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ദുരിതബാധിതരുമായി ചർച്ച നടത്തി. അർഹരായ എല്ലാവർക്കും ഒരാഴ്ചയ്ക്കകം തുക വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
വിഷയം ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും സർക്കാർ ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി അറിയിച്ചു. ആകെ ഒമ്പത് കോടി രൂപയാണ് ഈ പദ്ധതിക്കായി ആവശ്യമുള്ളതെന്നും വിവിധ പദ്ധതികളുടെ ഭാഗമായി ഇതിനകം 290 പേർക്ക് 4.14 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത തുകയാണ് പലർക്കും ലഭിച്ചതെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ, അർഹരായ എല്ലാവർക്കും ഒരേ രീതിയിൽ രണ്ട് ലക്ഷം രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനം. ഇത് നടപ്പാക്കാൻ ജില്ലാ കളക്ടർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.ധനസഹായം ബാങ്ക് അക്കൗണ്ടിലെത്തിയിട്ടും പണയപ്പെടുത്തിയ സ്വർണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയിൽ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ ഈ വിഷയവും പരിഗണിക്കും. സർക്കാരിന്റെ ധനസഹായങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ വിവിധ പദ്ധതികൾക്കനുസരിച്ചുള്ള മൈക്രോ പ്ലാനുകൾ സമയബന്ധിതമായി സമർപ്പിക്കണമെന്നും ദുരിതബാധിതരുടെ ആവശ്യങ്ങൾ സർക്കാർ വലിയ ഉത്തരവാദിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.