വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ബോധപൂർവ്വം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ


22, July, 2026
Updated on 22, July, 2026 2


സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ബോധപൂർവ്വം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും കഴിഞ്ഞ വർഷത്തേക്കാൾ ഉപഭോഗത്തിൽ ആയിരം മെഗാ വാട്ടിന്റെ വർധനവ് ഉണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ കടുത്ത മഴക്കുറവ്, ഡാമുകളിൽ വെള്ളമില്ലാതായത്, ദേശീയ വൈദ്യുതി വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത പ്രതിസന്ധി എന്നിവയാണ് നിലവിലെ അടിയന്തിരാവസ്ഥയ്ക്ക് കാരണമായി മുഖ്യമന്ത്രി നിരത്തുന്ന പ്രധാന ഘടകങ്ങൾ.


എന്നാൽ ഈ കാലാവസ്ഥാ വ്യതിയാന വാദങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് മുൻ എൽഡിഎഫ് സർക്കാരിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉന്നയിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പിട്ട, കുറഞ്ഞ വിലയ്ക്ക് ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാകുമായിരുന്ന നിർണ്ണായക കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് യഥാർത്ഥത്തിൽ സംസ്ഥാനത്തിന് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആ കുറഞ്ഞ നിരക്കിലുള്ള കരാർ റദ്ദാക്കിയ ശേഷം അദാനിയിൽ നിന്ന് വൻ തുകയ്ക്ക് വൈദ്യുതി വാങ്ങി കെഎസ്ഇബിയെയും ജനങ്ങളെയും ദുരിതത്തിലാക്കുകയാണ് മുൻ ഇടത് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഈ ദീർഘകാല കരാർ എന്തിനാണ് റദ്ദാക്കിയതെന്ന ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രിയോ അന്നത്തെ മന്ത്രിമാരോ ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.


നിലവിൽ മറ്റ് എല്ലാ സംസ്ഥാനങ്ങളെയും പോലെ കേരളവും ഓപ്പൺ മാർക്കറ്റിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നത്. ഇതിനോടകം 200 മെഗാവാട്ട് വാങ്ങിയിട്ടുണ്ടെന്നും ഉയർന്ന വിലയ്ക്ക് വാങ്ങാൻ പോകാതെ മറ്റൊന്നിന് കൂടി ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിലും വൻ തുക കൊടുത്ത് കെഎസ്ഇബിയെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമല്ല തന്റെ സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ കൂട്ടിച്ചേർത്തു.




Feedback and suggestions