3, August, 2026
Updated on 3, August, 2026 24
ലണ്ടൻ: ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ ലാൻഡിംഗിനായി തയാറെടുക്കുകയായിരുന്ന എ319 വിമാനത്തിന്റെ തൊട്ടടുത്ത് കൂടി ഡിസ്ക് ആകൃതിയിലുള്ള അജ്ഞാതവസ്തു പാഞ്ഞുപോയതായി പൈലറ്റിന്റെ വെളിപ്പെടുത്തൽ. വിമാനത്താവളത്തിന് ഏഴ് മൈൽ അകലെ സസെക്‌സിലെ ഹാങ്‌ക്രോസിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റ് ഈ അസാധാരണ കാഴ്ച കണ്ടത് എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് എയർ ട്രാഫിക് കൺട്രോളർമാർ പ്രദേശത്ത് ഉടൻ തന്നെ ജാഗ്രതാ നിർദ്ദേശം നൽകി.
വിമാനം സഞ്ചരിച്ച അതേ ഉയരത്തിൽ, വലതു ചിറകിന് വെറും 100 മുതൽ 300 അടി വരെ മാത്രം ദൂരത്തിൽ വിമാനത്തിന് എതിർദിശയിലാണ് ഈ നിഗൂഢ വസ്തു സഞ്ചരിച്ചത്. വട്ടത്തിലുള്ള ഡിസ്കിന്റെ ആകൃതിയിലുള്ള ഈ വസ്തുവിന്റെ അറ്റങ്ങളിൽ ഇരുണ്ട നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടായിരുന്നതായി പൈലറ്റ് പറയുന്നു. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ വിമാനം ഇടതുവശത്തേക്ക് തിരിഞ്ഞു സഞ്ചരിക്കുകയായിരുന്നതിനാൽ, പെട്ടെന്നുള്ള അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് വിമാനം ഒഴിവാകുകയായിരുന്നു.വ്യോമയാന മേഖലയിലെ അപകടകരമായ സാഹചര്യങ്ങൾ പരിശോധിക്കുന്ന സ്വതന്ത്ര സംവിധാനമായ യുകെ എയർപ്രോക്സ് ബോർഡ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. പൈലറ്റ് നൽകിയ വിവരങ്ങളും വിമാനം സഞ്ചരിച്ച ഉയരവും വിശദമായി പരിശോധിച്ചെങ്കിലും, വിമാനത്തിന് സമീപത്തുകൂടി പാഞ്ഞുപോയ ആ അജ്ഞാതവസ്തു എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ ബോർഡിന് സാധിച്ചിട്ടില്ല.