4, August, 2026
Updated on 4, August, 2026 7
വാഷിംഗടണ്‍: വ്യാജരേഖകള്‍ ഉള്‍പ്പെടെ ചമച്ച് അമേരിക്കന്‍ പൗരത്വം നേടിയെന്നു ആരോപിച്ച് 25 അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ പൗരത്വം റദ്ദാക്കല്‍ നടപടികള്‍ക്ക് അമേരിക്കന്‍ നീതിന്യായ വകുപ്പ് തുടക്കമിട്ടു. ഇതില്‍ ഇന്ത്യന്‍ വംശജനായ നരീന്ദര്‍ സിംഗും ഉള്‍പ്പെടുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകോപിത പൗരത്വ റദ്ദാക്കല്‍ നീക്കമെന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ് അറിയിച്ചു.ഡെലവെയര്‍ സ്വദേശിയായ 65കാരനായ നരീന്ദര്‍ സിങ് 1996 മുതല്‍ രണ്ട് വ്യത്യസ്ത തിരിച്ചറിയലുകള്‍ ഉപയോഗിച്ച് അമേരിക്കയില്‍ പ്രവേശിക്കുകയും പിന്നീട് 2008 മേയ് ഒന്നിന് അമേരിക്കന്‍ പൗരത്വം നേടുകയും ചെയ്‌തെന്നാണ് പരാതി. നിരവധി തെറ്റായ വിവരങ്ങള്‍ നല്‍കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായി ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരേ ഏഴ് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പാകിസ്താന്‍ വംശജരായ സിയ മുരാദ് ഭട്ടി, മുഹമ്മദ് വസീഫ് എന്നിവര്‍ക്കെതിരെയും വ്യാജ തിരിച്ചറിയല്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സമാന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ജൂലൈ 20 മുതല്‍ ഓഗസ്റ്റ് മൂന്നു വരെയുള്ള കാലയളവിലാണ് 25 പേര്‍ക്കെതിരായ പരാതികള്‍ സമര്‍പ്പിച്ചത്. മൊള്‍ഡോവ, മെക്‌സിക്കോ, കൊളംബിയ, നൈജീരിയ, ലൈബീരിയ, ഘാന, ജമൈക്ക, തായ്വാന്‍, ഹോണ്ടുറാസ്, കാമറൂണ്‍, ജോര്‍ദാന്‍, ക്യൂബ, എല്‍ സാല്‍വഡോര്‍, ഹെയ്തി, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വാഭാവികവല്‍ക്കരിക്കപ്പെട്ട അമേരിക്കന്‍ പൗരന്മാരും പട്ടികയിലുണ്ട്.2025 ജനുവരി 20 മുതല്‍ ഇതുവരെ പൗരത്വം റദ്ദാക്കുന്നതിനായി അമേരിക്കന്‍ നീതിന്യായ വകുപ്പ് സമര്‍പ്പിച്ച കേസുകളുടെ എണ്ണം 123 ആയി ഉയര്‍ന്നു. അമേരിക്കന്‍ പൗരത്വം രാജ്യത്തിന്റെ ഏറ്റവും വലിയ അവകാശങ്ങളില്‍ ഒന്നാണെന്നും അത് നിയമാനുസൃതവും സത്യസന്ധവുമായ മാര്‍ഗത്തിലൂടെയാണ് നേടേണ്ടതെന്നും ആക്ടിങ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞു. തട്ടിപ്പ്, വിവരങ്ങള്‍ മറച്ചുവെക്കല്‍, മറ്റ് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ പൗരത്വം നേടിയതെന്നാണ് പരാതികളിലുള്ള ആരോപണം.കൊലപാതകശ്രമം, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍, ഗാര്‍ഹിക പീഡനം, വിവാഹ തട്ടിപ്പ്, തിരിച്ചറിയല്‍ രേഖകളിലെ തട്ടിപ്പ്, പാസ്പോര്‍ട്ട് തട്ടിപ്പ്, ബാങ്ക്-ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ലൈസന്‍സില്ലാതെ വൈദ്യശുശ്രൂഷ നടത്തല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പലര്‍ക്കുമെതിരെയും ആരോപിച്ചിട്ടുള്ളത്. അമേരിക്കന്‍ പൗരത്വ നടപടിയുടെ വിശ്വാസ്യതയും രാജ്യസുരക്ഷയും സംരക്ഷിക്കാന്‍ ലഭ്യമായ എല്ലാ നിയമപരമായ മാര്‍ഗങ്ങളും സര്‍ക്കാര്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.