14, August, 2026
Updated on 14, August, 2026 6
ന്യൂയോർക്ക്: യു.എസിലെ മിഡ് വെസ്റ്റ് മേഖലയിൽ കനത്ത മഴയെത്തുടർന്ന് കടുത്ത് പ്രളയക്കെടുതി. നിരവധി നഗരങ്ങളിൽ വെള്ളപ്പൊക്കം ജനജീവിതം ദുസ്സഹമാക്കി. പലയിടത്തും വീടുകളുടെ മേൽക്കൂര വരെ വെള്ളമുയർന്നതിനെത്തുടർന്ന് ജനങ്ങളെ രക്ഷാബോട്ടുകളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വരുംദിവസങ്ങളിൽ പ്രദേശത്ത് അതിശക്തമായ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ഇൻഡിയാനയിലെ കേംബ്രിഡ്ജ് സിറ്റിയിലാണ് സ്ഥിതിഗതികൾ ഏറെ ഗുരുതരം. നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൂർണമായും വെള്ളത്തിനടിയിലായി. എട്ടോളം ബ്ലോക്കുകളിലെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വൻതോതിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 2009 മുതൽ പ്രദേശത്ത് താമസിക്കുന്ന താൻ ഇതുവരെ കാണാത്തത്ര ഭയാനകമായ വെള്ളപ്പാച്ചിലാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസിയായ കാർലി ഫ്രേ പറഞ്ഞു.
പ്രളയസാഹചര്യം കണക്കിലെടുത്ത് ഇൻഡിയാന ഗവർണർ മൈക്ക് ബ്രൗൺ സംസ്ഥാനത്ത് ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായങ്ങൾ എത്തിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡെലവെയർ കൗണ്ടിയിലെ മിസിസിനേവ നദിയിൽ വീണ നാലുപേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഹെന്റി കൗണ്ടിയിൽ പ്രളയത്തിൽപ്പെട്ട അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ നിന്ന് അൻപതിലധികം പേരെ രക്ഷപ്പെടുത്തി. വരുംദിവസങ്ങളിൽ വീണ്ടും മഴ കനത്താൽ സ്ഥിതി വഷളാകുമെന്ന് ഹെന്റി കൗണ്ടി ഷെരീഫ് ജോൺ സ്‌പ്രോൾസ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മേഖലയിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും പ്രളയത്തിലും വലിയ നാശനഷ്ടമാണുണ്ടായത്. ചിക്കാഗോയുടെ തെക്കുപടിഞ്ഞാറൻ മേഖല ഉൾപ്പെടെ വിവിധയിടങ്ങളിൽ കുറഞ്ഞത് അഞ്ച് ടോർണാഡോകൾ വീശിയടിച്ചതായി റിപ്പോർട്ടുണ്ട്.
അയോവ, ഇല്ലിനോയിസ്, കെന്റക്കി, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും ടോർണാഡോയ്ക്കും വലിയ ആലിപ്പഴവർഷത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ രണ്ടിഞ്ച് വരെ മഴ പെയ്യാമെന്നാണ് പ്രവചനം. അതേസമയം, മിഡ്വെസ്റ്റ് മുതൽ തെക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ കടുത്ത ഉഷ്ണതരംഗവും തുടരുകയാണ്. 15-ലധികം സംസ്ഥാനങ്ങളിലായി 10 കോടിയോളം ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.