14, August, 2026
Updated on 14, August, 2026 5
ന്യൂഡല്‍ഹി: തീരുവ വെട്ടിപ്പെന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് ഭരണകൂടം. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി ഏർപ്പെടുത്തിയ നികുതി മറികടക്കാൻ 'ഷാഡോ ട്രാൻസ്ഷിപ്പ്മെന്റ് നെറ്റ്‌വർക്ക്' പ്രവർത്തിക്കുന്നുവെന്നാണ് യുഎസിന്റെ പുതിയ ആരോപണം. സാമ്രാജ്യത്വ വ്യാപാര നയങ്ങളുടെ ഭാഗമായി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ പുറത്തിറക്കിയ ‘ദ ഗ്രേറ്റ് ട്രാൻസ്ഷിപ്പ്മെന്റ് സ്കാം’ റിപ്പോർട്ടിലാണ് ഇന്ത്യയടക്കം നാൽപ്പതിലേറെ രാജ്യങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.
ഇന്ത്യ, കാനഡ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, തായ്‌വാൻ തുടങ്ങിയ പ്രധാന വികസ്വര-വികസിത രാജ്യങ്ങളെയെല്ലാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ മൂന്നാം രാജ്യങ്ങളിലേക്ക് എത്തിച്ച് ലേബലും ഇൻവോയ്സും മാറ്റി പുതിയ രാജ്യത്തിന്റെ പേരിൽ യുഎസ് വിപണിയിൽ എത്തിക്കുന്നുവെന്നാണ് വാദം. 2018-ൽ സെക്ഷൻ 301 പ്രകാരം ചൈനക്കെതിരെ യുഎസ് തുടങ്ങിയ തീരുവ യുദ്ധത്തിന്റെ തുടർച്ചയായാണ് ഈ നീക്കം.
റിപ്പോർട്ടിൽ ഇന്ത്യയെ ‘ഡൈവേഴ്സിഫൈഡ് സ്കെയിൽ ലീഡേഴ്സ്’ എന്ന ടയർ-1 വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പൂനെ, ഗുജറാത്ത്, ചെന്നൈ വ്യവസായ മേഖലകളിൽ ഉൽപ്പാദിപ്പിക്കുന്ന പമ്പുകളും കംപ്രസറുകളും യുഎസ് വ്യവസായ മേഖലയ്ക്ക് ഭീഷണിയാണെന്നാണ് വൈറ്റ് ഹൗസിന്റെ കുറ്റപ്പെടുത്തൽ. വ്യാജ ആരോപണങ്ങളുടെ മറവിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ‘ഡിറ്റക്ടീവ് ബോർഡർ’ സംവിധാനം നടപ്പാക്കാനും വൻതോതിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്. പ്രതിവർഷം 26 ബില്യൺ ഡോളർ വരെ തീരുവ വരുമാനം നഷ്ടപ്പെടുന്നുണ്ടെന്ന കണക്കുകൾ നിരത്തി മറ്റ് രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര അവകാശങ്ങൾക്ക് മേൽ കടന്നുകയറാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.